ദില്ലി: ഗാന്ധി ജയന്തി ദിനത്തില്‍ തീവണ്ടികളില്‍ ഇനി സസ്യാഹാരം മാത്രം. ഇതിനായുള്ള പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഗാന്ധിജിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് അടുത്ത മൂന്ന് വര്‍ഷത്തേക്കാണ് ഒക്ടോബര്‍ രണ്ടിന് തീവണ്ടികളില്‍ സസ്യാഹാര ദിനമാക്കാന്‍ ആലോചിക്കുന്നത്.
റെയില്‍വേ മന്ത്രാലയം കഴിഞ്ഞ മാസം പുറത്തിറക്കിയ സര്‍ക്കുലറില്‍ ഇതുസംബന്ധിച്ച് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. സര്‍ക്കുലര്‍ അനുസരിച്ച് 2018,19,20 വര്‍ഷങ്ങളില്‍ ഒക്ടോബര്‍ രണ്ടാം തീയതി ട്രെയിനുകളിലോ റെയില്‍വേ സ്റ്റേഷനുകളിലോ മാംസാഹാരം വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് റെയില്‍വേയിലെ എല്ലാ ജീവനക്കാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.
റെയില്‍വേ മന്ത്രാലയം മുന്നോട്ട് വെച്ച നിര്‍ദേശം അംഗീകരിച്ചാല്‍ ഒക്ടോബര്‍ രണ്ട് ശുചിത്വ ദിനത്തിന് പുറമെ വെജിറ്റേറിയന്‍ ദിനമായും ആഘോഷിക്കും. ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്ത ടിക്കറ്റ്. ശുചിത്വ സന്ദേശവുമായി ട്രെയിന്‍ സര്‍വീസ്, റെയില്‍വേയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകളില്‍ ഗാന്ധിയുടെ ചിത്രം, മ്യൂറല്‍ പെയിന്റിങ് തുടങ്ങി മറ്റ് പദ്ധതികളും സാംസ്കാരിക വകുപ്പിന്റെ അനുമതിക്കായി അയച്ചിട്ടുണ്ട്.