കോഴിക്കോട്: നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സമാന രോഗ ലക്ഷണങ്ങളുമായി എത്തുന്നവരുടെ രക്ത സ്രവ പരിശോധന നടത്തണമെന്നാണ് പ്രധാനമായി നിര്‍ദേശിച്ചിരിക്കുന്നത്.
രോഗം പടരാതിരിക്കാന്‍ ബോധവല്‍ക്കരണ ശ്രമം നടത്താനും. ആശുപത്രികളില്‍ ശുചിത്വം ഉറപ്പുവരുത്താനും നിര്‍ദേശമുണ്ട്. വൈറസ് ബാധയേറ്റവര്‍ക്കും, വൈറസ് ബാധ സംശയിക്കുന്നവര്‍ക്കും ചികിത്സ ഉറപ്പുവരുത്താനും നിര്‍ദേശമുണ്ട്.
അതേസമയം നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് പേരാമ്പ്രയില്‍ ഇന്ന് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തും. ചെങ്ങരോത്ത് മേഖലയിലായിരിക്കും പ്രധാനമായും സന്ദര്‍ശനം. നാദാപുരം ചെക്ക്യാട്, കോഴിക്കോട് നഗരത്തിനടുത്തുള്ള പാലാഴി എന്നിവിടങ്ങളിലും സമാനമായ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.