Kerala

ആഗസ്റ്റ് 15 വരെ റോഡുകളില്‍ ഉപരിതല പ്രവൃത്തികള്‍ പാടില്ല: മന്ത്രി ജി. സുധാകരന്‍

കാക്കനാട്: ടാറിങ്ങ്, റോഡിനു കുറുകെ കേബിള്‍ വലിക്കല്‍, പൈപ്പ് സ്ഥാപിക്കല്‍ തുടങ്ങിയ റോഡ് ഉപരിതല പുതുക്കല്‍ പ്രവൃത്തികള്‍ക്ക് ആഗസ്റ്റ് 15 വരെ നിരോധനം ഏര്‍പ്പെടുത്താന്‍ പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരന്‍ വകുപ്പുതല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മഴക്കാലപൂര്‍വ്വ കരുതല്‍ നടപടികളുടെ ഭാഗമായി റോഡുകളിലും പാലങ്ങളിലും സ്വീകരിക്കാനുള്ള നടപടികള്‍ സംബന്ധിച്ച് കലക്ടറേറ്റ് പ്ലാനിങ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പൊതുമരാമത്തു വകുപ്പ് ഉത്തര മദ്ധ്യമേഖല അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിര്‍മ്മാണ പ്രവൃത്തികള്‍ ടെണ്ടര്‍ ചെയ്ത് കരാര്‍ ഉറപ്പിക്കാന്‍ ഈ കാലയളവ് ഫലപ്രദമായി വിനിയോഗിക്കാം. റോഡിലെ കുഴികള്‍ അടക്കുന്നതു പോലെയുള്ള അറ്റകുറ്റപ്പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കണം. മഴക്കാലത്ത് റോഡുകള്‍ തകരുന്നത് തടയാന്‍ അടിയന്തിരമായി നടപടി സ്വീകരിക്കണം. കാടുപിടിച്ചു കിടക്കുന്ന ചെറുതും വലുതുമായ എല്ലാ പാലങ്ങളും മഴക്കുമുമ്പ് വൃത്തിയാക്കണം. കൈവരികളും നന്നാക്കണം. ഓടകളിലെ മാലിന്യങ്ങള്‍ നീക്കി വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പു വരുത്തണം. പൊതുമരാമത്ത് വകുപ്പിന്റെ റോഡില്‍ ഇനി മുതല്‍ ഒരു അനധികൃത കൈയേറ്റവും അനുവദിക്കില്ലെന്നു മന്ത്രി പറഞ്ഞു. നിലവിലുളള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു.

നവംബറോടുകൂടി ദേശീയപാത വികസന പ്രവൃത്തികള്‍ തുടങ്ങാനാവുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സ്ഥലമെടുപ്പ് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള ആശങ്കയകറ്റും. ഇക്കാര്യത്തില്‍ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കും. തീരദേശ മലയോര ഹൈവേ നിര്‍മാണത്തില്‍ നബാര്‍ഡിന്റെ സഹകരണം ഉറപ്പുവരുത്താനും പൊതുമരാമത്തു വകുപ്പുമായി ബന്ധപ്പെട്ട കാലതാമസം ഒഴിവാക്കാനും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2019 ഓടെ സഞ്ചാരയോഗ്യമല്ലാത്ത ഒരു റോഡു പോലും ഇല്ലാത്ത വിധത്തില്‍ സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണം. ഇക്കാര്യത്തില്‍ പുനഃപരിശോധനയിലൂടെ മാറ്റങ്ങള്‍ വരുത്താനും ഏറ്റവും പുതിയ കേടുപാടുകള്‍ പോലും രേഖപ്പെടുത്തി ഫയല്‍ സൂക്ഷിക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top