പോലീസിനെ മാധ്യമങ്ങള്‍ വികൃതമായി ചിത്രീകരിക്കുകയാണെന്ന് പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം. പോലീസിനെ കുറിച്ച് മോശം പറഞ്ഞാല്‍ ജനങ്ങളുടെ കൈയടി വാങ്ങാമെന്നാണ് മാധ്യമങ്ങളുടെ ധാരണയെന്നും പോലീസിന് സംരക്ഷണം ലഭിക്കുന്നില്ലെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. പോലീസ് ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ക്ക് മാധ്യമങ്ങള്‍ സവിശേഷ പ്രാധാന്യം നല്‍കുന്നത് അസോസിയേഷനിലെ ഒരു വിഭാഗത്തിനിടയില്‍ മുറുമുറുപ്പുണ്ടാക്കുന്നുണ്ട്. അതേസമയം സംഘടനയില്‍ രാഷ്ട്രീയ അതിപ്രസരമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അസോസിയേഷന് തള്ളി.
കോഴിക്കോട് ഇരിങ്ങലില്‍ വച്ചാണ് പോലീസ് അസോസിയേഷന് സംസ്ഥാന സമ്മേളനം നടക്കുന്നത്. ഇതിനിടെ സമ്മേളനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ നടപടിക്കെതിരെയും പ്രതിഷേധമുണ്ടായി. രക്തസാക്ഷി സ്തൂപത്തിന്റെ നിറം മാറ്റിയതിനെതിരെ കണ്ണൂര്‍, കാസര്‍ഗോഡ്, കോട്ടയം ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ പ്രതിഷേധമുയര്‍ത്തി. എന്നാല്‍ നിയന്ത്രണങ്ങളില്‍ ഉന്നത ഇടപെടലില്ലെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ വിശദീകരണമാണ് നേതൃത്വം ആവര്‍ത്തിച്ചത്.