ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുന്നത് മൂലം രൂപയുടെ മൂല്യം ഡോളറിനെതിരെ 15 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലായി. തിങ്കളാഴ്ച വ്യാപാരമവസാനിക്കുമ്പോള്‍ 25 പൈസ കുറഞ്ഞ് രൂപയുടെ നില 67.13ലാണ്.
ഡോളറിനെതിരെയുള്ള വിനിമയ നിരക്ക് 2017 ഫെബ്രുവരിക്ക് ശേഷം ആദ്യമായാണ് രൂപ ഇത്ര താഴ്ന്ന നിലയിലെത്തുന്നത്. ആഗോള വിപണിയില്‍ എണ്ണവില ഉയരുന്നതാണ് രൂപയുടെ മൂല്യം ഇടിയാനുള്ള പ്രധാന കാരണം. ഇതിനും പുറമേ ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നതാണ് രൂപയ്ക്ക് പ്രതികൂലമാകുന്ന മറ്റൊരു ഘടകം.
കൂടുതല്‍ തൊഴിലുകള്‍ യുഎസില്‍ സൃഷ്ടിക്കപ്പെട്ടതും , മണിക്കൂര്‍ അടിസ്ഥാനത്തിലുള്ള സേവനത്തില്‍ വര്‍ധനയുണ്ടായതും സൂചിപ്പിച്ച് വെള്ളിയാഴ്ച യുഎസ് ജോബ്സ് ആന്റ് വേജസ് ഡാറ്റ പുറത്ത് വന്നത് ഡോളറിന്റെ മൂല്യം ഉയര്‍ത്തിയിരുന്നു.
ഇന്ത്യയുടെ സമ്പദ്ഘടനയില്‍ രൂപയുടെ മൂല്യം കുറയുന്നതോടെ ഇറക്കുമതിയുള്‍പ്പെടെ ചെലവേറിയതായി മാറും. ആഭ്യന്തര വിപണിയില്‍ പെട്രോള്‍ ഉത്പന്നങ്ങള്‍ക്ക് വില വര്‍ധിക്കുന്ന പണപ്പെരുപ്പം വര്ധിക്കുവാനും ജീവിത ചെലവ് കൂടുവാനും ഇടയാക്കും.