ആഗോള വിപണിയില്‍ ക്രൂഡ് വില ഉയരുന്നത് രൂപയ്ക്ക് കനത്ത ഭീഷണിയാകുന്നു. കാലത്ത് വ്യാപാരമാരംഭിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 73.24ലെത്തി. കുറച്ച് കൂടി ലളിതമായി പറഞ്ഞാല്‍ ഒരു ഡോളര്‍ ലഭിക്കണമെങ്കില്‍ 73.24 രൂപ നല്‍കണം.
രൂപയുടെ മൂല്യമിടിഞ്ഞതോടെ ചരിത്ര നിരക്കിലാണ് ഗള്‍ഫ് കറന്‍സികള്‍. ചരിത്രത്തില്‍ ആദ്യമായി വിനിമയ നിരക്ക് 20 രൂപ കടന്നു യുഎഇ ദിര്‍ഹം.
ഗള്‍ഫിലെ മറ്റ് കറന്‍സികളും ചരിത്ര നിരക്കിലാണ്. ഖത്തര്‍ റിയാല്‍ 19.94, ബഹറൈന്‍ ദിനാര്‍ 193, ഒമാന്‍ റിയാല്‍ 190.64, സൗദി റിയാല്‍ 19.57 രൂപ എന്ന നിലയിലാണ്.
കൂടുതല്‍ പ്രവാസികള്‍ ഇന്ത്യയിലേക്ക് പണം അയക്കാനുള്ള തിരക്കിലാണിപ്പോള്‍. ഇന്ത്യയില്‍ വ്യാപാര കമ്മി വര്‍ധിക്കുന്നതും രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുന്നതും കണക്കിലെടുക്കുമ്പോള്‍ രൂപയുടെ മൂല്യം വീണ്ടും ഇടിയാനാണ് സാധ്യത നിലനില്‍ക്കുന്നത്.