കൊല്ലം: സിപിഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊല്ലത്ത് തുടക്കമാകും. പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള പതാക കൊടിമര ജാഥകള്‍ ഇന്ന് വൈകിട്ടോടെ കൊല്ലത്തെത്തും. സികെ ചന്ദ്രപ്പന്‍ നഗറില്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പതാക ഉയര്‍ത്തും. വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് പ്രതിനിധി സമ്മേളനം തുടങ്ങുക.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ളവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും. വൈകിട്ട് മൂന്ന് മണിക്ക് കരട് രാഷ്ട്രീയ പ്രമേയവും സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിക്കും. ഞാറാഴ്ച രാവിലെ പുതിയ ദേശീയ കൗണ്‍സിലിനെയും ജനറല്‍ സെക്രട്ടറിയേയും തെരഞ്ഞെടുക്കും. ശേഷം ലക്ഷം ചുവപ്പ് വോളണ്ടിയര്‍മാരെ അണിനിരത്തി പൊതുസമ്മേളനവും സംഘടിപ്പിക്കും.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലേതിന് സമാനമായി കോണ്‍ഗ്രസുമായുള്ള ബന്ധം സംബന്ധിച്ച വിഷയം സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഈ വിഷയം ചൂടേറിയ ചര്‍ച്ചയാകും. കോണ്‍ഗ്രസ് ഉള്‍പ്പടെ മതേതര കക്ഷികളുമായി ധാരാണയാകാമെന്ന രാഷ്ട്രീയ സാഹര്യമാണ് നിലവിലുള്ളതെന്ന് സിപിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സിപിഎം എടുത്ത നിലപാടിനെ സിപിഐ സ്വാഗതം ചെയ്തിരുന്നു.