Cricket

ക്രിക്കറ്റ് ദൈവത്തിന് ഇന്ന് 45ാം പിറന്നാള്‍

മുംബൈ: ബാറ്റ് കൊണ്ട് ഇന്ദ്രജാലം തീര്‍ക്കുന്ന മാസ്റ്റര്‍ ബ്ലാസ്റ്റര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ റെക്കോര്‍ഡുകളുടെ കൂട്ടുകാരന്‍. വിശേഷണങ്ങള്‍ക്കതീതനായ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഇന്ന് നാല്‍പത്തിയഞ്ചാം ജന്മദിനം. 16ാം വയസില്‍ അന്താരാഷ്ട ക്രിക്കറ്റിലെത്തി നീണ്ട 24 വര്‍ഷം ലോകക്രിക്കറ്റിന് അവിസ്മരണീയ മൂഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച താരത്തിന് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ആശംസകള്‍ പ്രവഹിക്കുകയാണ്.

15ാം വയസ്സില്‍ ബോംബെയ്ക്കായി ആദ്യ ഫസ്റ്റ് ക്ലാസ് മത്സരം. അരങ്ങേറ്റത്തില്‍ തന്നെ 100 റണ്‍സെടുത്ത് പുറത്താക്കാതെ നിന്ന ആ കൊച്ചുമിടുക്കന്‍ 16ാം വയസില്‍ രാജ്യത്തിനായി ആദ്യമത്സരം കളിച്ചു. പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലാത്ത പ്രയാണം. 24 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തിനിടയില്‍ കൈപ്പിടിയിലൊതുക്കിയത് നിരവധി റെക്കോര്‍ഡുകള്‍. ഒടുവില്‍ ക്രിക്കറ്റ് പ്രേമികളെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് 2012 ഡിസംബറിലാണ് സച്ചിന്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറു ശതകങ്ങള്‍ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിന്‍. ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ്, സെഞ്ച്വറികള്‍, അര്‍ദ്ധ സെഞ്ച്വറികള്‍, കളിച്ച മത്സരങ്ങള്‍ എന്നീ റെക്കോര്‍ഡുകളെല്ലാം വിരമിക്കുമ്പോള്‍ സച്ചിന്റെ പേരിലാണ്. 2012 മാര്‍ച്ച് 18ന് മിര്‍പൂരില്‍ പാകിസ്താനെതിരെയാണ് സച്ചിന്‍ അവസാന ഏകദിന മത്സരം കളിച്ചത്. 2013 നവംബര്‍ 14 മുതല്‍ 16 വരെ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇന്‍ഡീസുമായി നടന്ന ടെസ്റ്റ് മത്സരത്തോടെ സച്ചിന്‍ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. അതേ ദിവസം തന്നെ രാജ്യം ഭാരതരത്നം പുരസ്‌കാരം നല്‍കി സച്ചിനെ ആദരിച്ചു. ഭാരത രത്ന ലഭിക്കുന്ന ആദ്യ കായിക താരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top