ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മേരികോമിന് ആദ്യസ്വര്‍ണം. 48 കിലോ ബോക്സിങ്ങിലാണ് മേരികോമിന്റെ നേട്ടം. ഇടിക്കൂട്ടില്‍ മേരി കസറിയപ്പോള്‍ എതിരാളിക്കൊപ്പം പ്രായം കൂടിയാണ് തോറ്റ് പിന്മാറിയത്. ഇന്ത്യയ്ക്ക് ബോക്സിങ്ങില്‍ ഇനി അഞ്ചുഫൈനലുകള് കൂടിയുണ്ട്.
അഞ്ചു തവണ ലോക ചാംപ്യനും ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവുമായ മേരി കോം ഇതാദ്യമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നത്. രാജ്യസഭാംഗം കൂടിയാണ് മേരി കോം. വിയറ്റ്നാമില്‍ നവംബറില്‍ നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ തന്റെ അഞ്ചാം ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് സ്വര്‍ണനേട്ടം മേരികോം കുറിച്ചത് ഇന്ത്യന്‍ കായികചരിത്രത്തിലെ തന്നെ വലിയ തിരിച്ചുവരവുകളില്‍ ഒന്നായാണ് വിലയിരുത്തപ്പെട്ടത്.