Home app

ഡോക്ടര്‍മാര്‍ സമരത്തില്‍ ; ദുരിതത്തില്‍ വലഞ്ഞ് രോഗികള്‍

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. ആവശ്യമായ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒപി ആരംഭിച്ചതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം രാത്രിയിലാണ് ഡോക്ടര്‍മാര്‍ സമര പ്രഖ്യാപനം നടത്തിയത്.

സമരത്തില്‍ പങ്കെടുക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞെങ്കിലും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ സമരം തുടരുകയാണ് ഡോക്ടര്‍മാര്‍. രാത്രി വൈകി വന്ന സമര പ്രഖ്യാപനം അറിയാതെ ഇന്നലെ ആശുപത്രികളിലെത്തിയ രോഗികള്‍ ഏറെ ബുദ്ധിമുട്ടുകളാണ് അനുഭവിച്ചത്. അത്യാഹിത വിഭാഗം ഒഴികെ മറ്റ് ഒപികള്‍ പ്രവര്‍ത്തിക്കാതിരുന്നത് രോഗികളെ വലച്ചു. അവശരായെത്തിയ രോഗികള്‍ക്ക് ചികിത്സ നല്‍കാത്തത് പലയിടത്തും ബഹളത്തിനിടയാക്കി.

ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന സാധാരണക്കാര്‍ക്കാണ് സമരം തിരിച്ചടിയായിരിക്കുന്നത്. രാവിലെ മുതല്‍ ഡോക്ടര്‍മാരെയും കാത്തിരിക്കുന്ന നിരവധി രോഗികളേയാണ് ആശുപത്രികളില്‍ കാണാന്‍ സാധിക്കുന്നത്. വൈകിയാണെങ്കിലും ഡോക്ടര്‍മാര്‍ എത്തും എന്ന പ്രതീക്ഷയില്‍ വേദയും കണ്ണീരും അടക്കി അവര്‍ കാത്തിരുന്നു. ഒടുവില്‍ ഏറെ വൈകി തിരിച്ചുപോയി.

ജില്ലാ ആശുപത്രികളില്‍ മാത്രമല്ല, താലൂക്ക് ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടര്‍മാര്‍ സേവനത്തിനെത്തിയില്ല. എന്നാല്‍ ഹാജര്‍ രേഖപ്പെടുത്താതെ ഡോക്ടര്‍മാര്‍ കിടത്തി ചികിത്സിക്കുന്നവരെ പരിശോധിക്കാനെത്തി.

നിലവില്‍ മെഡിക്കല്‍ പിജി വിദ്യാര്‍ഥികളേയും റെസിഡന്റ് ഡോക്ടര്‍മാരേയും നിയോഗിച്ചാണ് പരിമിതമായ നിലയില്‍ പലയിടത്തും ഒപി പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ ആണെങ്കില്‍ വലിയ തിരക്കില്‍ കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ ഏറെ പ്രയാസമാണ് അനുഭവിച്ചത്.

മുന്നൊരുക്കമില്ലാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒപികള്‍ തുടങ്ങിയതില്‍ പ്രതിഷേധിച്ചു ജോലിയില്‍നിന്നു വിട്ടുനിന്ന പാലക്കാട് കുമരംപുത്തൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ. ലതികയെ സസ്പെന്‍ഡ് ചെയ്യുകയും രണ്ടു ഡോക്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചത്. സമരം ശക്തമായി തുടരുമെന്ന് സമരക്കാര്‍ വ്യക്തമാക്കി.

എന്നാല്‍ സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതി തകര്‍ക്കാനുള്ള ശ്രമമാണ് സമരത്തിനു പിന്നിലെന്നും പണിമുടക്ക് സമരത്തില്‍ പങ്കെടുക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ മുന്നറിയിപ്പ് നല്‍കി. സ്വകാര്യ പ്രാക്ടീസ് നടത്തുന്നതിനായാണ് ഡോക്ടര്‍മാര്‍ സമരം തുടരുന്നതെന്നും മന്ത്രി ആരോപിച്ചു. പണിമുടക്കുന്ന ദിവസങ്ങളിലെ ശമ്പളം ഡോക്ടര്‍മാര്‍ക്ക് നല്‍കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top