Home app

ദേശീയ സിനിമാ പുരസ്‌കാരം ; മലയാള സിനിമയ്ക്ക് പൊന്‍തിളക്കം

ഇന്ത്യയിലെ മികച്ച സംവിധായകനും 65ാമത് ദേശീയ സിനിമാ ജൂറി ചെയര്‍മാനുമായ ശേഖര്‍ കപൂര്‍ അവാര്‍ഡ് പ്രഖ്യാപന വേളയില്‍ മലയാള സിനിമാ പ്രവര്‍ത്തകരെ വാനോളം പുകഴ്ത്തി. ഹൃദയത്തിന്റെ ഭാഷയില്‍ മലയാള സിനിമാ അഭിനേതാക്കളേയും ചലച്ചിത്ര പ്രവര്‍ത്തകരേയും കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ശേഖറിന്റെ ശരീരഭാഷയില്‍ നിന്ന് മലയാള സിനിമ എത്രത്തോളം ഉയരത്തിലെത്തി എന്ന് മനസ്സിലാവും.

ശേഖര്‍ കപൂര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു

പതിവ് അവാര്‍ഡ് പ്രഖ്യാപനത്തില്‍ നിന്ന് വ്യത്യസ്തമായി ജൂറി ചെയര്‍മാന്‍ ഇന്ദ്രന്‍സിന്റേയും പാര്‍വതിയുടേയും അഭിനയ മികവിനെക്കുറിച്ച് ഇടയ്ക്കിടെ വാചാലനായി. ഒരവസരത്തില്‍ താനേറ്റവും കാലം പ്രവര്‍ത്തിച്ച ഹിന്ദി സിനിമയേക്കാള്‍ ബ്രില്ലിയന്‍സ് ഇന്ത്യയിലെ പ്രാദേശിക സിനിമയിലുണ്ടെന്ന് അദ്ദേഹം തുറന്ന് പറയുകയുണ്ടായി.

മലയാള സിനിമയുടെ ആഖ്യാനശൈലി അടുത്ത കാലത്ത് മാറുന്നത് ഈ പുതിയ ബ്രില്ലിയന്‍സിന്റെ പശ്ചാത്തലത്തിലാണ്. സൂപ്പര്‍ സ്റ്റാറുകള്‍ അടക്കിവാഴുന്ന മുഖ്യധാരാ സിനിമകളില്‍ നിന്നും വ്യതിചലിച്ച് പുതിയ ചലച്ചിത്ര സംസ്‌കാരത്തിന് വഴി തുറക്കുന്ന അപൂര്‍വ ജനുസ്സില്‍പ്പെട്ട ഇത്തരം മികച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നു. സംസ്ഥാന, ദേശീയ അവാര്‍ഡുകള്‍ക്ക് അര്‍ഹമാകുന്നു. തൊണ്ടിമുതലും ദൃക്‌സാക്ഷിയും പോലെയുള്ള സിനിമയുടെ മികവിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് വിസ്മയത്തോടെ ശേഖര്‍ കപൂര്‍ വിവരിക്കുന്നതും ഇതിന് തെളിവാണ്.

മലയാള സിനിമയില്‍ പ്രതിഭയുടേയും പ്രതീക്ഷയുടേയും ഉറവ വറ്റിയിട്ടില്ലെന്നതിന് തെളിവാണ് പതിനൊന്നോളം ദേശീയ അവാര്‍ഡുകള്‍ ഇക്കുറി നമുക്ക് ലഭിക്കാനിടയാക്കിയത്. കഴിഞ്ഞ വര്‍ഷം 9 ദേശീയ അവാര്‍ഡുകള്‍ മാത്രമായിരുന്നു മലയാള സിനിമയ്ക്ക് ലഭിച്ചത്.

ഫീച്ചര്‍ ഫിലിമില്‍ മാത്രമല്ല കഥേതര വിഭാഗത്തില്‍ മലയാളി അനീസ് കെ മാപ്പിളയുടെ ‘സ്ലേവ് ജനസിസിന് മറ്റൊരു പുരസ്‌കാരം കൂടി ലഭിച്ചു. വായനാട്ടിലെ പണിയ സമുദായത്തെക്കുറിച്ചുള്ള മികച്ച ഡോക്യുമെന്ററിയാണിത്.

കുട്ടനാടിന്റെ കഥാകാരനായ തകഴിയുടെ കഥയില്‍ നിന്ന് അടര്‍ത്തിയെടുത്ത പഴയ കാലഘട്ടത്തിന്റെ കഥ പറയുന്ന ഭയാനകത്തിന് മികച്ച സംവിധായകനും മികച്ച അവലംബിത തിരക്കഥയ്ക്കും ജയരാജ് പുരസ്‌കാരം നേടി. കുട്ടനാട്ടിലെ ബ്രിട്ടീഷ് കൂലിപ്പട്ടാളത്തിന്റെ കഥ പ്രതിഭയുടെ കരുത്തോടെ അഭ്രപാളിയിലേക്ക് സന്നിവേശിപ്പിച്ച ജയരാജന്‍ ഈ പ്രാവശ്യം ജുറിയുടെ മൊത്തം പ്രശംസ ഏറ്റുവാങ്ങി. ഈ സിനിമയുടെ ക്യാമറ ചലിപ്പിച്ച നിഖില്‍ എസ് പ്രവീണ്‍ ഇതിന് മുമ്പ് ഒരു പുരസ്‌കാരവും നേടിയിട്ടില്ല. പക്ഷെ മലയാള സിനിമയുടെ അഥവാ ഇന്ത്യന്‍ സിനിമയുടെ ഭാവിവാഗ്ദാനമായിരിക്കും ഈ യുവ പ്രതിഭ.

തേവരയില്‍ ഇറാഖിലെ ഒരാശുപത്രി മുഴുവന്‍ സെറ്റിട്ട് വിസ്മയം ജനിപ്പിച്ച പ്രൊഡക്ഷന്‍ ഡിസൈനറാണ് ഈ വര്‍ഷത്തെ പുരസ്‌കാരം ലഭിച്ച സന്തോഷ് രാജ്. യുഎഇയിലെ റാസല്‍ഖൈമ എന്ന കൊച്ചു എമിറൈറ്റ്‌സില്‍ ഇറാഖ് ഭൂമിക പുനസൃഷ്ടിച്ച സിനിമ പ്രതിഭയ്ക്ക് ദേശീയ അവാര്‍ഡ് ഒരവകാശമാണ്.

അവസാന നിമിഷം ശ്രീദേവിയോട് മത്സരിച്ച് പരാജയപ്പെടുകയും പ്രത്യേക ജൂറി പരാമര്‍ശം നേടി പുരസ്‌കാരത്തിന്റെ വെള്ളി വെളിച്ചത്തിലെത്തിയ പാര്‍വതി, ആളൊരുക്കത്തിലെ ഇന്ദ്രന്‍സിന്റെ പ്രകടനം എല്ലാം മലയാളിക്ക് അഭിമാനിക്കാന്‍ ഏറെ വകനല്‍കുന്നു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയുടെ തിരക്കഥ രചിച്ച് ദേശീയ പുരസ്‌കാരം നേടിയ സജീവ് പാഴൂരിന്റെ ചലച്ചിത്ര ഭാഷ്യത്തിന്റെ മാസ്മരികത ഇനി വരാനിരിക്കുന്നതേയുള്ളുവെന്നാണ് സിനിമാ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

സജീവ് പാഴൂര്‍

ദിലീഷ് പോത്തന്റെ പോത്തേട്ടന്‍സ് ബ്രില്ലിയന്‍സിന്റെ പിന്‍ബലം സജീവിന്റെ ശില്‍പഭദ്രമായ തിരക്കഥ തന്നെയാണ്. ഈ കൂട്ട്‌കെട്ടിലെ എഡിറ്റര്‍ കിരണ്‍ദാസിനെ പോലെ പ്രതിഭാധനരായ നിരവധി പേരുടെ സിനിമയോടുള്ള പ്രതിബദ്ധതയാണ് നാളെ നമ്മള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ മലയാള സിനിമ.

താരപദവി തലയ്ക്ക് പിടിക്കാത്ത എപ്പോഴും വ്യത്യസ്തമായ വേഷം മാത്രം വേണമെന്ന് ശാഠ്യം പിടിക്കുന്ന ഫഹദ് ഫാസില്‍ മികച്ച സഹനടന്‍ എന്ന പുരസ്‌കാരത്തിന് അര്‍ഹനായതില്‍ അതിശയമില്ല. ആളുകള്‍ സിനിമ കണ്ടാല്‍ മതി. അല്ലാതെ അവാര്‍ഡിന് വേണ്ടി താന്‍ സിനിമയില്‍ അഭിനയിക്കുന്നില്ലെന്നായിരുന്നു അവാര്‍ഡ് ലഭിച്ച ശേഷം ഈ യുവനടന്‍ പ്രതികരിച്ചത്. മലയാളത്തിലായതുകൊണ്ടാണ് ഇത്തരത്തിലുള്ള മികച്ച സിനിമകള്‍ ചെയ്യാന്‍ സാധിച്ചതെന്നും ഫഹദ് ഓര്‍മിപ്പിക്കുന്നു.

പതിറ്റാണ്ടായി മലയാളിയെ പാട്ടിന്റെ ചിറകിലേറ്റിയ ദാസേട്ടനെ മികച്ച ഗായകനായി തെരഞ്ഞെടുക്കാന്‍ ജൂറിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടുണ്ടാവില്ല. വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തില്‍ രമേശ് നാരായണന്റെ സംഗീത സംവിധാനത്തില്‍ അദ്ദേഹം പാടിയ പോയ് മറഞ്ഞ കാലം എന്ന മെലഡി ഗാനം തിരഞ്ഞ് പിടിച്ച് കേള്‍ക്കുന്ന തിരക്കിലാണ് സംഗീതപ്രേമികളായ മലയാളികള്‍.

പുരസ്‌കാരങ്ങളുടെ നിറവില്‍ പ്രതിഭകള്‍ മലയാള സിനിമയ്ക്ക് പുതിയൊരു മാറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് പ്രേമികള്‍. കണ്ടുമടുത്ത ഫോര്‍മുല ചിത്രങ്ങളില്‍ നിന്നും മടുപ്പിക്കുന്ന സൂപ്പര്‍സ്റ്റാര്‍ കോപ്രായങ്ങള്‍ക്കിടയില്‍ നിന്നുമുള്ള മോചനം. അതാണ് പുതുതലമുറ സിനിമാ പ്രേമികള്‍ അക്ഷമരായി കാത്തിരിക്കുന്നത്. ദേശീയ പുരസ്‌കാരങ്ങള്‍ പുതിയ സാധ്യതകള്‍ക്ക് വഴികാട്ടിയാവും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top