Film News

കുട്ടികളുടെ സ്വപ്‌നങ്ങളിലേക്ക് ക്യാമറ തുറന്ന് ‘വില്ലേജ് റോക്ക്‌സ്റ്റാര്‍സ് ‘

കുട്ടികളുടെ നിഷ്‌കളങ്കതകളിലേക്കും സ്വപ്‌നങ്ങളിലേക്കും ഫ്രെയിമുകള്‍ ചേര്‍ത്തുവച്ചൊരുക്കിയ ചിത്രമാണ് വില്ലേജ് റോക്ക്‌സ്റ്റാര്‍സ്. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ഈ ചിത്രം പൂര്‍ത്തിയാക്കുവാന്‍ നാലു വര്‍ഷമെടുത്തുവെന്ന് സംവിധായക റിമ ദാസ് പറയുന്നു.

മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മാത്രമല്ല, മികച്ച ബാലതാരത്തിനും എഡിറ്റിംഗിനുമുള്ള പുരസ്‌കാരങ്ങള്‍ കൂടി വില്ലേജ് റോക്ക്‌സ്റ്റാര്‍ കരസ്ഥമാക്കി. കഥ, തിരക്കഥ, സംഭാഷണം, നിര്‍മാണം, ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനം തുടങ്ങി സിനിമയുടെ മര്‍മപ്രധാനമായ മേഖലകളെല്ലാം കൈകാര്യം ചെയ്തിരിക്കുന്നത് റിമ ദാസ് തന്നെയാണ്.

റിമ ദാസ് വില്ലേജ് റോക്ക്‌സ്റ്റാര്‍സിലെ അഭിനേതാക്കളോടൊപ്പം

പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുന്ന, വിപത്തിലും സന്തോഷത്തിലും പ്രകൃതിയോട് സമരസപ്പെട്ട് മുന്നോട്ട് പോകുന്ന ഒരു ജനതയുടെ ജീവിതത്തിലേക്കാണ് വില്ലേജ് റോക്ക്‌സ്റ്റാര്‍ ക്യാമറ തുറന്നുവച്ചിരിക്കുന്നത്. അത്രമേല്‍ സ്വാഭാവികതയോടെ തന്മയത്വത്തോടെ അതു പകര്‍ത്തുവാന്‍ സംവിധായികയ്ക്ക് സാധിച്ചു.

ആസാമിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ കഴിയുന്ന ധുനു എന്ന പത്തു വയസ്സുകാരിയുടെ സ്വപ്‌നങ്ങളും അതിലേക്കെത്തുവാനുള്ള അവളുടെ കരുതലുമാണ് ചിത്രത്തിന്റെ കഥാഗതി.

ചിത്രത്തില്‍ നിന്നും

സുഹൃത്തുക്കള്‍ക്കൊപ്പം ബാന്‍ഡ് തുടങ്ങണമെന്നാണ് അവളുടെ ആഗ്രഹം. അതിനുവേണ്ടി എല്ലാവരും ഓരോ ഉപകരണങ്ങള്‍ സ്വന്തമായി വാങ്ങണം. അവള്‍ക്ക് വേണ്ടത് ഒരു ഗിറ്റാറാണ്. തെര്‍മോക്കോള്‍ കൊണ്ട് അതിന്റെ ഒരു മോഡല്‍ ഒക്കെ ഉണ്ടാക്കിവച്ച് അവള്‍ കാത്തിരിക്കുകയാണ്.

ചിത്രത്തില്‍ നിന്നും

എന്നാല്‍ പിന്നീടുണ്ടാകുന്ന വെള്ളപ്പൊക്കത്തില്‍ അവളുടെ കുടുബത്തിന് എല്ലാം നഷ്ടമാകുന്നതും കൈവിട്ടുപോകുന്ന സ്വപ്‌നത്തിലേക്കുള്ള അവളുടെ അതിജീവനവുമാണ് പിന്നെ. സത്യസന്ധ്യതയോടെയുള്ള കഥപറച്ചിലിനോട് തീവ്രമായ ദൃശ്യാവിഷ്‌കാരകൂടി ചേരുമ്പോള്‍ സിനിമ നവ്യമായ ഒരുഭവമാകുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top