agriculture

കുപ്പിവെളളത്തിനും കവര്‍ പാലിനുമൊപ്പം ഇനി ‘പാക്കറ്റ് മണ്ണും’ വിപണിയില്‍

പത്ത് കിലോ മണ്ണിന് 599 രൂപ. 49 രൂപ അധികം നല്‍കിയാല്‍ സാധനം വീട്ടിലെത്തിച്ച് തരും. വിശ്വാസമായില്ലേ..! ബാംഗ്ലൂര്‍ ആസ്ഥാനമായുളള ട്രസ്റ്റ് ബാസ്‌ക്കറ്റ്(trustbasket.com) എന്ന ഇ-കൊമേഴ്‌സ് സൈറ്റാണ് ഉന്നത ഗുണമേന്മയുളളതെന്ന് അവകാശപ്പെടുന്ന ചെമ്മണ്ണ് വിപണിയിലെത്തിച്ചത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് കുടിവെളളം കുപ്പിയിലാക്കി വില്‍പ്പനയ്‌ക്കെത്തിച്ചപ്പോള്‍ ഉണ്ടായ അതേ ഞെട്ടലാണ് വര്‍ഷങ്ങള്‍ക്കിപ്പുറം മണ്ണ് പ്ലാസ്റ്റിക് കവറില്‍ വിപണിയിലെത്തുമ്പോള്‍ ഉണ്ടായിരിക്കുന്നത്. മട്ടുപ്പാവിലെ കൃഷിക്കും പൂന്തോട്ടങ്ങള്‍ക്കുമായി മണ്ണ് തേടുന്ന നഗരവാസികളെയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ലക്ഷ്യമിടുന്നത്.

ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്താല്‍ ഇന്ത്യയിലെവിടെയും എത്തിക്കും. കര്‍ണാടകയിലെ പ്രാദേശിക മേഖലകളില്‍നിന്ന് ശേഖരിച്ച് ശുദ്ധീകരിച്ച ചുവന്ന മണ്ണാണെന്ന് കമ്പനി അവകാശപ്പെടുന്നു. അലങ്കാരച്ചെടികള്‍ വേഗത്തില്‍ വളരാനും വിത്തുകള്‍ പെട്ടെന്ന് മുളയ്ക്കാനുമായി നന്നായി ഉണക്കിയെടുത്ത് ഈര്‍പ്പം നിലനിര്‍ത്തിയിരിക്കുന്നതും മണ്ണിന്റെ പ്രത്യേകതയായി കമ്പനി ചൂണ്ടിക്കാട്ടുന്നു.

നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റുകളില്‍ താമസിക്കുന്നവര്‍ക്ക് സംഗതി ഉപകാരപ്പെടുമെങ്കിലും കാല്‍ ചുവട്ടിലുളള മണ്ണ് കവറില്‍ വില്‍പ്പനയ്‌ക്കെത്തിച്ചതിനെ അധികമാര്‍ക്കും ഉള്‍ക്കൊളളാന്‍ കഴിഞ്ഞിട്ടില്ല. ഒപ്പം കമ്പനി നിശ്ചയിച്ചിരിക്കുന്ന വിലയും ഇത്തിരി കടന്നുപോയെന്നാണ് പലരുടെയും ആക്ഷേപം. എന്നാല്‍ കുപ്പിവെളളം സര്‍വസാധാരണമായതു പോലെ പാക്കറ്റ് മണ്ണും വിപണിയുടെ ഭാഗമാകാന്‍ അധികനാള്‍ വേണ്ടിവരില്ലെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. അതേസമയം മണ്ണിന് പകരമായുളള ചകിരിച്ചോറ് പാക്കറ്റിലാക്കി കയര്‍ബോര്‍ഡ് ഇതിനുമുമ്പ് വിപണിയിലെത്തിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top