ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യുന്നതിനുള്ള നോട്ടീസ് പ്രതിപക്ഷം തിങ്കളാഴ്ച നല്‍കും. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളിലെ അന്‍പതിലധികം എം.പിമാര്‍ ഒപ്പുവെച്ചിട്ടുള്ള പ്രമേയം രാജ്യസഭയില്‍ കൊണ്ടുവരുന്നതിന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിനാണ് പ്രതിപക്ഷം നോട്ടീസ് നല്‍കുക.
എന്‍സിപി, ഇടതുപാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി തുടങ്ങി പ്രതിപക്ഷനിരയിലെ പാര്‍ട്ടികളാണ് പ്രമേയത്തില്‍ ഒപ്പുവച്ചിട്ടുള്ളത്. ഇംപീച്ച്മെന്റ് പ്രമേയം അംഗീകരിക്കാന്‍ രാജ്യസഭയിലാണെങ്കില്‍ അന്‍പത് അംഗങ്ങളുടെയും ലോക്സഭയിലാണെങ്കില്‍ നൂറ് എം.പിമാരുടെ പിന്തുണ ആവശ്യമാണ്.
ചീഫ് ജസ്റ്റിസിനെതിരേ സുപ്രീം കോടതിയിലെ ജഡ്ജിമാരായ ജെ.ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയി, കുര്യന് ജോസഫ്, എം.ബി ലോകൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനം നടത്തി പരസ്യമായി ആരോപണമുന്നയിച്ച പശ്ചാത്തലത്തിലാണ് ഇംപീച്ച്മെന്റിന് പ്രതിപക്ഷം തയാറെടുക്കുന്നത്.