Entertainment

പ്രതിഫലം നല്‍കിയതില്‍ വംശീയ വിവേചനം; നിര്‍മ്മാതാക്കള്‍ക്കെതിരെ സാമുവല്‍

പ്രേക്ഷക ഹൃദയവും തീയ്യറ്ററും കീഴടക്കിയ മലയാള ചലച്ചിത്രം സുഡാനി ഫ്രം നൈജീരിയയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായി ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണ്‍ രംഗത്ത്. കറുത്ത വര്‍ഗ്ഗക്കാരനായതിനാല്‍ പ്രതിഫലം ലഭിക്കുന്ന കാര്യത്തില്‍ തനിക്ക് വിവേചനം നേരിടേണ്ടി വന്നതായി താരം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി.

മലയാളത്തില്‍ ഏതു പുതുമുഖ താരത്തിനും ലഭിക്കുന്നതിനേക്കാള്‍ വളരെ കുറഞ്ഞ പ്രതിഫലമാണ് തനിക്ക് നല്‍കിയതെന്ന് സാമുവല്‍ ആരോപിച്ചു. ഇതൊരു ചെറിയ ചിത്രമാണെന്നും ചിത്രം ഹിറ്റായാല്‍ കൂടുതല്‍ പ്രതിഫലം നല്‍കാമെന്നും പറഞ്ഞാണ് കഴിഞ്ഞ അഞ്ച് മാസവും തന്നെ കേരളത്തില്‍ തന്നെ നിര്‍ത്തി സിനിമയുടെ വിവിധ പ്രമോഷന്‍ പരിപാടികള്‍ക്കായി ഉപയോഗിച്ചതെന്ന് സാമുവല്‍ പറഞ്ഞു. കറുത്തവനായത് കൊണ്ടും ദരിദ്രരായ ആഫ്രിക്കകാര്‍ക്ക് പണത്തിന്റെ വിലയറിയില്ല എന്ന പൊതുധാരണ കൊണ്ടുമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ഞാന്‍ കരുതുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സാമുവലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

എല്ലാവര്‍ക്കും ഹായ്….. പ്രധാനപ്പെട്ടൊരു വിഷയം നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്…. സത്യമെന്തെന്നാല്‍ സുഡാനി ഫ്രം നൈജീരിയയുടെ നിര്‍മ്മാതാക്കളില്‍ നിന്നും എനിക്ക് വംശീയമായ വിവേചനം നേരിടേണ്ടി വന്നു. ഇക്കാര്യം നേരത്തെ തുറന്നു പറയാതെ ഞാന്‍ സ്വയം നിയന്ത്രിക്കുകയായിരുന്നു. എന്തായാലും ഇപ്പോള്‍ ഇതേപ്പറ്റി സംസാരിക്കാന്‍ എനിക്കാവും.

ഇപ്പോള്‍ ഇതെല്ലാം പറയാന്‍ കാരണം നാളെ മറ്റൊരു കറുത്ത വര്‍ഗ്ഗക്കാരനായ നടനും ഇതേ അവസ്ഥ സംഭവിക്കരുത് എന്ന ആഗ്രഹം കൊണ്ടാണ്. കേരളത്തില്‍ വച്ച് എനിക്ക് വംശീയ വിവേചനം നേരിടേണ്ടി വന്നു. അത് കായികമായൊരു ആക്രമണമോ, വ്യക്തിപരമായ ആക്ഷേപമോ ആയിരുന്നില്ല. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് എന്റെ പകുതി പോലും പ്രശസ്തരല്ലാത്ത, അനുഭവപരിചയമില്ലാത്ത, പ്രതിഭയില്‍ പിന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ താരങ്ങളേക്കാള്‍ വളരെ കുറഞ്ഞ തുകയാണ് എനിക്ക് വേതനമായി നിര്‍മ്മാതാക്കള്‍ നല്‍കിയത്.

മറ്റു യുവതാരങ്ങളുമായി പ്രതിഫലത്തെക്കുറിച്ച് ചര്‍ച്ച ചെയ്തപ്പോള്‍ മാത്രമാണ് ഇതേക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണ ലഭിച്ചത്. കറുത്തവനായത് കൊണ്ടും ദരിദ്രരായ ആഫ്രിക്കകാര്‍ക്ക് പണത്തിന്റെ വിലയറിയില്ല എന്ന പൊതുധാരണ കൊണ്ടുമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് ഞാന്‍ കരുതുന്നത്. ഇക്കാര്യത്തില്‍ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ച സക്കറിയ എന്നെ പരമാവധി സഹായിക്കാന്‍ ശ്രമിച്ചിരുന്നു. സക്കറിയ സ്നേഹമുള്ള ഒരു യുവാവും കഴിവുള്ള സംവിധായകനുമാണ്.പക്ഷേ ചിത്രത്തിനായി പണം മുടങ്ങുന്നത് അദ്ദേഹമല്ലാത്തതിനാല്‍ പരിമിതികളുണ്ടായിരുന്നു.

ചിത്രം ഹിറ്റായാല്‍ മെച്ചപ്പെട്ട പ്രതിഫം നല്‍കാമെന്നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ നിര്‍മ്മാതാക്കള്‍ എനിക്ക് നല്‍കിയ വാഗ്ദാനം. പക്ഷേ ഒന്നും പാലിക്കപ്പെട്ടില്ല, ഇപ്പോള്‍ ഞാന്‍ തിരിച്ചു നൈജീരിയയില്‍ എത്തുകയും ചെയ്തു. ചിത്രത്തിന്റെ ഷൂട്ടിംഗും പ്രമോഷന്‍ പരിപാടികളുമായി കഴിഞ്ഞ അഞ്ച് മാസവും എന്നെ കേരളത്തില്‍ തന്നെ പിടിച്ചു നിര്‍ത്താനുള്ള ലക്ഷ്യത്തോടെയായിരുന്നു ആ വാഗ്ദാനങ്ങളെല്ലാം എന്നാണ് ഞാനിപ്പോള്‍ വിശ്വസിക്കുന്നത്. ചിത്രം ഇപ്പോള്‍ വലിയ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്.

എനിക്ക് ആരാധകര്‍ തന്നെ സ്നേഹത്തിനും, ഉജ്ജ്വലമായ കേരള സംസ്‌കാരം അനുഭവിക്കാന്‍ നല്‍കിയ അവസരത്തിനും എല്ലാവരോടും നന്ദിയുണ്ട്. പക്ഷേ ഇതേക്കുറിച്ച് ഇനിയും മൗനം പാലിക്കാന്‍ എനിക്കാവില്ല. അടുത്ത തലമുറയിലെ കറുത്ത വര്‍ഗ്ഗക്കാരായ നടന്‍മാര്‍ക്കെങ്കിലും ഇത്തരം പ്രതിസന്ധികള്‍ നേരിടേണ്ടി വരാതിരിക്കാന്‍ ഇതിനെതിരെ പ്രതികരിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്…. വംശീയവും ജാതീയവുമായ വിവേചനങ്ങള്‍ക്കെതിരെ നാം നോ പറയണം….

ഈ പ്രസ്താവന പ്രസിദ്ധീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് എല്ലാ അവകാശവും ഉണ്ടായിരിക്കുന്നതാണ്.

സാമുവല്‍ അബിയോള റോബിന്‍സണ്‍

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top