ദില്ലി: പാശ്ചാത്യ വൈദ്യ ശാസ്ത്രത്തില്‍ ബിരുദം നേടിയ ആദ്യ ഇന്ത്യന്‍ വനിതയുടെ ഓര്‍മയ്ക്ക് ഗൂഗിള്‍ ഡൂഡില്‍. സ്ത്രീകള്‍ക്ക് വീടിനു പുറത്തിറങ്ങാന്‍ പോലും അനുവാദമില്ലാതിരുന്ന കാലത്ത് കടല്‍കടന്നുപോയി വൈദ്യം പഠിച്ച് തിരിച്ചെത്തിയ ആനന്ദി ഗോപാല്‍ ജോഷിക്ക് ആദരം അര്‍പ്പിച്ചാണ് അവരുടെ 153 ാം പിറന്നാള്‍ ദിനത്തില്‍ ഗൂഡിള്‍ ഡൂഡിലൊരുക്കിയത്. പാശ്ചാത്യ വൈദ്യ ശാസ്ത്രത്തില്‍ ബിരുദം നേടിയ ആദ്യത്തെ രണ്ട് ഇന്ത്യന്‍ വനിതകളില്‍ ഒരാളായിരുന്നു ആനന്ദി ഗോപാല്‍ ജോഷി. സ്റ്റെഥസ്കോപ്പും കഴുത്തിലണിഞ്ഞ് ബിരുദ സര്‍ട്ടിഫിക്കറ്റും കൈയില്‍ പിടിച്ചുനില്‍ക്കുന്ന രീതിയിലാണ് ഡൂഡിലൊരുക്കിയിരിക്കുന്നത്. ജീവന്റെ നിറമായ പച്ചനിറത്തിലാണ് ആനന്ദിബായിയുടെ ചിത്രവും ഡൂഡിലും ഒരുക്കിയിരിക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടറായിരുന്നു ആനന്ദിബായി.
പൂനയിലെ സമ്പന്ന യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലാണ് ആനന്ദിബായിയുടെ ജനനം. യമുന എന്നായിരുന്നു ആദ്യത്തെ പേര്. ഒമ്പതാം വയസില്‍ തന്നേക്കാള്‍ 20 വയസിനു മൂപ്പുള്ള ഗോപാല്‍ റാവു എന്ന ആളെ ആനന്ദിബായിക്കു വിവാഹം ചെയ്യേണ്ടിവന്നു. തപാല്‍ വകുപ്പില്‍ ഗുമസ്തനായിരുന്ന ഗോപാല്‍ റാവുവാണ് യമുനയുടെ പേര് ആനന്ദിബായ് എന്നു മാറ്റിയത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തെ പിന്തുണച്ചിരുന്ന ആളായിരുന്നു ഗോപാല്‍ റാവു. അദ്ദേഹം ആനന്ദിബായിയെ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുവാന്‍ സഹായിച്ചു. ആനന്ദിബായിയുടെ 14ാം വയസില്‍ മകന് ജനിച്ചു. എന്നാല്‍ വൈദ്യ സഹായം ലഭിക്കാതിരുന്നതിനാല്‍ 10 ദിവസം മാത്രമേ ആ കുഞ്ഞ് ജീവിച്ചിരുന്നുള്ളൂ. ഈ സംഭവം അവരുടെ ജീവിതത്തിലെ വഴിത്തിരിവായി.
ന്യൂ ജഴ്സിയിലെ തിയോഡിക്ക കാര്‍പെന്റര്‍ എന്ന സ്ത്രീയുടെ സഹായത്തോടെ, വൈസ്രോയിയടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുടെ സാമ്പത്തിക സഹായവുമായി 1883 ജൂണില്‍ അവര്‍ ന്യൂയോര്‍ക്കില്‍ കപ്പലിറങ്ങി. വിമന്‍സ് മെഡിക്കല്‍ കോളജ് ഓഫ് പെന്‍സില്‍വാനിയയില്‍ എന്റോള്‍ ചെയ്തു. 1886മാര്‍ച്ച് 11-നാണ് എംഡി ബിരുദം നേടി ആനന്ദി ബായ് രാജ്യത്ത് തിരിച്ചെത്തുന്നത്.