ദില്ലി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ മുഖ്യ കണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തു. കോച്ചിങ് സെന്റര്‍ ഉടമയായ വിക്കി എന്നയാളാണ് പിടിയിലായത്. ഡല്‍ഹിയിലെ വിദ്യ കോച്ചിങ് സെന്ററിന്റെ ഉടമയാണ് പിടിയിലായ വിക്കി. ഇയാളെ പോലീസ് ചോദ്യംചെയ്തുവരികയാണ്.
സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് വിക്കി പിടിയിലായത്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഇയാള്‍ക്കുള്ള പങ്ക് ചൂണ്ടിക്കാട്ടി സിബിഎസ്ഇക്ക് ലഭിച്ച പരാതിയുടെ ചുവടുപിടിച്ചായിരുന്നു അന്വേഷണം. ചോര്‍ന്ന ചോദ്യപേപ്പറുകള്‍ 10,000-15,000 രൂപക്ക് വിദ്യാര്‍ഥികള്‍ക്ക് വിക്കി വില്പന നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.