കേപ്ടൗണ്‍: പന്തില്‍ കൃത്രിമം കാട്ടിയത് വിവാദമായതോടെ ഓസീസ് ക്രിക്കറ്റ് ടീമില്‍ കൂട്ടരാജി. സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയന്‍ ടീമിന്റെ നായകസ്ഥാനവും ഡേവിഡ് വാര്‍ണര്‍ ഉപനായകസ്ഥാനവും രാജിവച്ചു. അതേസമയം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റില്‍ ഇരുവരും കളിക്കും. ടിം പെയ്നായിരിക്കും ശേഷിക്കുന്ന മത്സരത്തില്‍ ടീമിനെ നയിക്കുക.
ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ഇരുവരും സ്ഥാനം ഒഴിഞ്ഞവിവരം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച വിവാദത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്നിരുന്നു. തുടര്‍ന്ന് രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയ സംഭവത്തിന്റെ ഉത്തരവാദിയായ സ്മിത്തിനെ പുറത്താക്കണമെന്ന് സര്‍ക്കാര്‍ ക്രിക്കറ്റ് ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് ഇരുവരും ഒഴിയാന്‍ തയ്യാറായത്.