Business

ഹാഷ് ഫ്യൂച്ചര്‍ : വിസ്മയ ഉല്‍പ്പന്നങ്ങളുമായി മേക്കര്‍ വില്ലേജ് സ്റ്റാര്‍ട്ടപ്പുകള്‍

കൊച്ചി: കേരളത്തിന്റെ പ്രഥമ ആഗോള ഡിജിറ്റല്‍ ഉച്ചകോടി, ഹാഷ് ഫ്യൂച്ചര്‍ നടക്കുന്ന ലെ മെറിഡിയന്‍ കണ്‍വന്‍ഷന്‍ സെന്ററിലെ ഡിജിറ്റല്‍ പ്രദര്‍ശന വേദിയില്‍ ദൈനംദിനജീവിതത്തെ അനായാസമാക്കുന്ന നൂതനസംവിധാനങ്ങള്‍ അണിനിരത്തി കൊച്ചി മേക്കര്‍ വില്ലേജ്. മേക്കര്‍ വില്ലേജിലെ 11 സ്റ്റാര്‍ട്ടപ്പുകളാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ജീവിതം അനായാസമാക്കുന്ന ഉല്‍പ്പന്നങ്ങളുമായി ഹാഷ് ഫ്യൂച്ചര്‍ ഡിജിറ്റല്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. കൊച്ചി സ്മാര്‍ട്ട് സിറ്റിയും കേരള സ്റ്റാര്‍ട്ടപ് മിഷനും ചേര്‍ന്നാണ് ഹാഷ് ഫ്യൂച്ചര്‍ വേദിയില്‍ നൂതന ഡിജിറ്റല്‍ അനുഭവം സമ്മാനിക്കുന്ന പ്രദര്‍ശനമൊരുക്കിയിരിക്കുന്നത്. പതിനൊന്ന് സ്റ്റാര്‍ട്ടപ്പുകളുടെയും ഉല്‍പ്പന്നങ്ങള്‍ തിരക്കേറിയ ജീവിതത്തില്‍ തുണയാകുന്നതെങ്ങനെയെന്നു വിവരിക്കുന്ന ആനിമേഷന്‍ വിഡിയോയും പ്രദര്‍ശനത്തില്‍ ആസ്വദിക്കാം.

രാവിലെ ഒരു ദിനം തുടങ്ങുന്നതു മുതല്‍ സാങ്കേതികവിദ്യയുടെ പിന്തുണയോടെ ജോലികള്‍ ലഘൂകരിക്കാനും ജീവിതപ്രതിസന്ധികളെ നേരിടാനും സഹായിക്കുന്ന ആപ്പുകള്‍ അവതരിപ്പിക്കുകയാണ് ഈ സ്റ്റാര്‍ട്ടപ്പുകള്‍. അതിരാവിലെ വീട്ടുകാരെ വിളിച്ചുണര്‍ത്തുകയും വീട്ടുപകരണങ്ങളെ സ്വയം പ്രവര്‍ത്തനത്തിനായി സജ്ജമാക്കുകയും ചെയ്യുന്ന ആപ്പ് ആണ് ഓട്ടോം ടെക്‌നോളജീസ് അവതരിപ്പിക്കുന്നത്. ചായയ്ക്കുള്ള പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്ന ആപ്പുമായാണ് റസനോവ ടെക്‌നോളജീസ് രംഗത്തുള്ളത്. അതിവേഗം തുണികള്‍ തിരഞ്ഞെടുത്ത് അളവുകള്‍ക്കനുസരിച്ച് വസ്ത്രം തയാറാക്കി വീട്ടിലെത്തിക്കാന്‍ സഹായിക്കുന്ന ആപ്പ് പെര്‍ഫിറ്റ് എന്ന സ്റ്റാര്‍ട്ടപ്പിന്റേതാണ്.

ഓട്ടോമറ്റിക് സൈക്കിള്‍ സവാരിക്കു സഹായിക്കുന്ന ആപ്പ് ആണ് ഇന്‍സ്‌പൈറീന്‍ ടെക്‌നോളജീസ് എന്ന സ്റ്റാര്‍ട്ടപ്പ് ഒരുക്കിയിരിക്കുന്നത്.

യാത്രകള്‍ക്കിടെ തണുത്ത പാനീയം വേണമെങ്കില്‍ നവ ഡിസൈന്‍ ആന്‍ഡ് ഇന്നവേഷന്‍ എന്ന സ്റ്റാര്‍ട്ടപ്പിന്റെ ഓട്ടമേറ്റഡ് നീര ഹാര്‍വസ്റ്റിങ് യന്ത്രം സഹായിക്കും. തെങ്ങില്‍നിന്ന് നേരിട്ട് നീരയെത്തിക്കുന്ന യന്ത്രസംവിധാനമാണിത്. കളഞ്ഞുപോകുന്നതോ പിടിച്ചുപറിക്കപ്പെട്ടതോ ആയ വസ്തുക്കള്‍ ഓട്ടമേറ്റഡ് ട്രാക്കിങ്ങിലൂടെ കണ്ടെത്തുന്ന ടെക്‌നോറിപ് സൊലൂഷന്‍സ്, വെള്ളത്തില്‍ നഷ്ടപ്പെടുന്ന സാധനങ്ങള്‍ മുങ്ങിയെടുക്കുന്ന ഡ്രോണുകള്‍ അവതരിപ്പിക്കുന്ന ഐറോവ്, ബാങ്കുകളിലും റസ്റ്ററന്റുകളിലും സേവനത്തിന് ഉപയോഗിക്കാവുന്ന റോബോട്ടുകള്‍ അവതരിപ്പിക്കുന്ന അസിമോവ് റോബോട്ടിക്‌സ് എന്നിവയുടെ ഉല്‍പ്പന്നങ്ങള്‍ ദൈനംദിന പ്രശ്‌നങ്ങളെ അതിവേഗം പരിഹരിക്കാന്‍ സഹായിക്കുന്നു.

അനാവശ്യ സ്പര്‍ശങ്ങളുണ്ടാകുമ്പോള്‍ ചെറിയ ഷോക്ക് നല്‍കി രക്ഷപ്പെടാന്‍ സഹായിക്കുന്ന വസ്ത്രങ്ങള്‍ അവതരിപ്പിക്കുന്ന ന്യോക്കാസ് ടെക്‌നോളജീസിന്റെ ഉല്‍പ്പന്നം സ്ത്രീകള്‍ക്ക് ആശ്വാസമാകും.

ജോലിത്തിരക്കു കഴിഞ്ഞ് രാത്രി വീട്ടിലെത്തുമ്പോള്‍ സ്വയം റൊട്ടിയുണ്ടാക്കി സഹായിക്കുന്ന റൊബിറ്റോ എന്ന യന്ത്രസംവിധാനമാണ് സെക്ടര്‍ ക്യൂബ് ടെക്‌നോളജീസ് എന്ന സ്റ്റാര്‍ട്ടപ്പ് അവതരിപ്പിക്കുന്നത്. വീട്ടിലെ യന്ത്രസംവിധാനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുകയും മുന്നറിയിപ്പ് നല്‍കുകയും അതിലൂടെ ഊര്‍ജദുരുപയോഗം കുറയ്ക്കുകയും ചെയ്യുന്ന സംവിധാനമാണ് ഗ്രീന്‍ടേണ്‍ ടെക്‌നോളജീസ് അവതരിപ്പിക്കുന്നത്.

ഹാഷ് ഫ്യൂച്ചറിലൂടെ ലക്ഷ്യമിടുന്ന ഡിജിറ്റല്‍ പുരോഗതിക്കായി കേരളത്തെ ഒരുക്കുന്നതില്‍ നിര്‍ണായ പങ്കുവഹിക്കുന്നത് സ്റ്റാര്‍ട്ടപ്പുകളായിരിക്കുമെന്നും അത്തരത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കുകയും അവയെ രൂപപ്പെടുത്തുകയുമാണ് മേക്കര്‍ വില്ലേജിന്റെ ചുമതലയെന്നും മേക്കര്‍ വില്ലേജ് സിഇഒ ശ്രീ പ്രസാദ് ബാലകൃഷ്ണന്‍ പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളാവും കേരളത്തിന്റെ ഡിജിറ്റല്‍ കുതിച്ചുചാട്ടത്തിന് രാസത്വരകമാകുന്നതെന്നും ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിക്കുന്ന സാങ്കേതക നവീനതകള്‍ അവതരിപ്പിക്കുന്നതില്‍ സ്റ്റാര്‍ട്ടപ്പുകള്‍ മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഭാവി സാങ്കേതികവിദ്യകള്‍ പ്രയോഗിക്കുന്നതിലും അവയില്‍ അധിഷ്ഠിതമായ ഉല്‍പ്പന്നങ്ങളും സേവനങ്ങളും രൂപകല്‍പ്പന ചെയ്യുതിലും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏറെ സഹായകമായിരിക്കും ഹാഷ് ഫ്യൂച്ചര്‍ പോലെയുള്ള ഡിജിറ്റല്‍ പുരോഗതിക്ക് ആക്കം കൂട്ടുന്ന സംരംഭങ്ങളെന്ന് മേക്കര്‍ വില്ലേജ് സിഒഒ ശ്രീ റോഹന്‍ കലാനി പറഞ്ഞു. സാങ്കേതികവിദ്യയില്‍ ലോകത്തെ നയിക്കുന്ന പ്രമുഖരാണ് ഹാഷ് ഫ്യൂച്ചറില്‍ പങ്കെടുക്കുന്നത്. അവരുടെ കാഴ്ചപ്പാടുകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാനും അവരുടെ ആശയങ്ങള്‍ പ്രേരണയാക്കാനും അടുത്ത ഘട്ടത്തിലേക്കു വളരാനും വിജയം വരിക്കാനുമുള്ള ആത്മവിശ്വാസം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഹാഷ് ഫ്യൂച്ചറില്‍നിന്നു ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top