Business

വരാനിരിക്കുന്നത് ചികിത്സയേക്കാളേറെ പ്രതിരോധത്തില്‍ ശ്രദ്ധിക്കുന്ന കാലം ; ഹാഷ് ഫ്യൂച്ചര്‍ ആരോഗ്യചര്‍ച്ചയില്‍ വിദഗ്ധര്‍

കൊച്ചി: വരുന്നത് ചികിത്സയേക്കാളേറെ പ്രതിരോധത്തില്‍ ശ്രദ്ധിക്കുന്ന കാലമാണെന്ന് വിദഗ്ധര്‍. മൊബൈല്‍ ആപ്ലിക്കേഷനുകള്‍, നിര്‍മിതബുദ്ധി, ശരീരത്തില്‍ ഘടിപ്പിക്കുന്ന ഉപകരണങ്ങള്‍, ടെലിമെഡിസിന്‍ തുടങ്ങിയ നൂതനസങ്കേതങ്ങള്‍ വ്യാപകമാകുമ്പോള്‍ ചികില്‍സയില്‍ സുപ്രധാനസ്ഥാനത്ത് ഡോക്ടര്‍ക്കു പകരം രോഗിയായിരിക്കുമെന്ന് ‘ആരോഗ്യത്തിന്റെയും സുസ്ഥിരതയുടെയും ഡിജിറ്റല്‍ ഭാവി’ എന്ന വിഷയത്തില്‍ ഹാഷ് ഫ്യൂച്ചറില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ചികില്‍സ ചെലവുകുറഞ്ഞതും കൂടുതല്‍ പേര്‍ക്ക് പ്രാപ്യവുമായിത്തീരുകയും ചെയ്യും. ചികില്‍സയെക്കാളേറെ പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുന്ന കാലമാണ് വരാനിരിക്കുന്നതെന്നും അവര്‍ നിരീക്ഷിച്ചു.

സാങ്കേതികവിദ്യാധിഷ്ഠിതമായ ആധുനികകാലത്ത് രോഗചികില്‍സയില്‍ ഡോക്ടര്‍ക്കൊപ്പം രോഗിക്കും തുല്യപങ്കാളിത്തമുണ്ടാകുമെന്ന് ഹാവാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ പ്രഫസര്‍ ഡോ. അജിത് ജെ. തോമസ് പറഞ്ഞു. ചികില്‍സ കൂടുതല്‍ ജനാധിപത്യപരമാകുകയും മെഡിക്കല്‍ ഉപകരണങ്ങള്‍ രോഗികളെക്കൂടി മനസ്സില്‍ക്കണ്ട് നിര്‍മിക്കപ്പെടുകയും ചെയ്യും. ആരോഗ്യപരിരക്ഷ നല്‍കുന്നവരില്‍നിന്ന് അത് സ്വീകരിക്കുന്നവരിലേക്ക് ഊന്നല്‍ മാറും. മൊബൈല്‍ ചികില്‍സയില്‍ ഒഴിവാക്കാനാകാത്തതാകുമെന്നും ഡോ. അജിത് പറഞ്ഞു. സ്മാര്‍ട് ഫോണില്‍ത്തന്നെ കാര്‍ഡിയോ മൊബൈല്‍, ബ്ലഡ് പ്രഷര്‍ മോണിറ്റര്‍, ഗ്ലൂക്കോസ് മോണിറ്റര്‍ എന്നിവ സജ്ജീകരിക്കാനാകുന്നതോടെ ചികില്‍സയില്‍നിന്ന് പ്രതിരോധത്തിലേക്കുള്ള മാറ്റമായിരിക്കും ആരോഗ്യമേഖലയിലെ പുതിയ കാഴ്ചയെന്നും അദ്ദേഹം പറഞ്ഞു. രോഗം വന്ന ശേഷം ആശുപത്രിയില്‍ പോകുന്നതിനു പകരം ഇവ നല്‍കുന്ന മുന്നറിയിപ്പുകളില്‍നിന്ന് മുന്‍കരുതലുകള്‍ സ്വീകരിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലഭ്യമായ ജനിതക ഡാറ്റയില്‍ വെറും 0.2 ശതമാനം മാത്രമാണ് ചികില്‍സയില്‍ ഉപയോഗിക്കപ്പെടുന്നതെന്നും നിര്‍മിത ബുദ്ധിയോടൊപ്പം ജനിതക വിവരങ്ങളെക്കൂടി ആശ്രയിക്കുന്നതോടെ കൂടുതല്‍ കൃത്യമായ രോഗനിര്‍ണയം സാധ്യമാകുമെന്നും മാപ്‌മൈജീനോം സ്ഥാപകയും സിഇഒയുമായ അനുരാധ ഭട്ടാചാര്യ പറഞ്ഞു. ജനിതക എഡിറ്റിങ് പോലെയുളള സങ്കേതങ്ങള്‍ക്ക് രോഗിയില്‍ മരുന്നുകള്‍ എത്രത്തോളം ഫലപ്രദമാകുമെന്ന് നിര്‍ണയിക്കാന്‍ കഴിയും. സ്വന്തം ജനിതക വ്യക്തിത്വത്തെപ്പറ്റി കൂടുതല്‍ അവബോധം ഉണ്ടാകുന്നതും ചികില്‍സയില്‍ സഹായകമാകും. രോഗിയായി മാറുന്നതിനു മുന്‍പ് കൂടുതല്‍ നിയന്ത്രണം ആരോഗ്യകാര്യങ്ങളില്‍ സ്വീകരിക്കാന്‍ ജനിതക വിവരങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ക്കു കഴിയുമെന്നും അനുരാധ ഭട്ടാചാര്യ പറഞ്ഞു.

പ്രാഥമിക ചികില്‍സാരംഗത്ത് കേരളത്തില്‍ ഇന്നും നിശ്ചലാവസ്ഥയാണെന്നും സ്‌പെഷലിസ്റ്റ് ഡോക്ടറെ കണ്ടു ചികില്‍സ തേടുകയെന്നത് ശ്രമകരമായി തുടരുന്നുവെന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. നാലഞ്ചു വര്‍ഷമായി ടെലിമെഡിസിന്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇതിലൂടെ ഗ്രാമീണമേഖലയിലുള്ളവര്‍ക്കും വിദഗ്ധ ചികില്‍സ എളുപ്പമാകും. ചികില്‍സാച്ചെലവും സമയവും കുറയുകയും ഡോക്ടമാരുടെ കുറവ് പരിഹരിക്കപ്പെടുകയും ചെയ്യും. വിദഗ്ധരില്‍നിന്ന് രണ്ടാം അഭിപ്രായം കേള്‍ക്കുകയെന്നത് ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും എളുപ്പമാകുമെന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ടവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സൗകര്യമൊരുക്കുന്ന കെ-ഫോണ്‍ പോലെയുള്ള സങ്കേതങ്ങള്‍ വ്യാപകമാകുമ്പോള്‍ ആധുനിക സാങ്കേതിക വിദ്യയിലൂന്നിയ ചികില്‍സ എല്ലാവര്‍ക്കും പ്രാപ്യമാകുമെന്ന് ഐടി ഉന്നതാധികാര സമിതി അംഗം ദിലീപ് സഹദേവന്‍ പറഞ്ഞു. ഓക്‌സിജന്‍ സിലിണ്ടറുകളില്‍പ്പോലും സെന്‍സറുകള്‍ ഘടിപ്പിച്ച് നിര്‍ണായക സാഹചര്യങ്ങളില്‍ രോഗികളെ രക്ഷിക്കാം. ആധുനിക ഡിജിറ്റല്‍ ശൃംഖലയിലൂടെ സമര്‍ഥമായ ആരോഗ്യശൃംഖലയും നിര്‍മിക്കപ്പെടുമെന്നും അദ്ദേഹം നിരീക്ഷിച്ചു.

നിര്‍മിതബുദ്ധി ഉപയോഗിച്ച് പരിശോധനാ റിപ്പോര്‍ട്ടുകള്‍ ഡോക്ടറുടെയോ വിദഗ്ധന്റെയോ സഹായം കൂടാതെ പരിശോധിക്കാന്‍ കഴിയുമെന്നും ഗ്രാമീണമേഖലയില്‍നിന്ന് നഗരത്തില്‍ ചികില്‍സ തേടുന്ന രോഗിയുടെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഇതിലൂടെ ലഘൂകരിക്കാനാകുമെന്നും ക്യൂര്‍.എഐ സിഇഒ പ്രശാന്ത് വാര്യര്‍ പറഞ്ഞു. പരിശോധന, രോഗനിര്‍ണയം എന്നിവയ്ക്കിടയിലെ സമയം കുറയ്ക്കാനാകും. പരിശോധന വളരെ വേഗം നിര്‍വഹിക്കപ്പെടുമ്പോള്‍ ആരോഗ്യവിദഗ്ധര്‍ക്ക് കൂടുതല്‍ മറ്റു കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാന്‍ സമയം ലഭിക്കും.

ചികില്‍സയില്‍ നൂതനസങ്കേതങ്ങള്‍ പകരുന്ന സുരക്ഷയ്‌ക്കൊപ്പം രോഗിയാക്കപ്പെടില്ല എന്ന ഉറപ്പുകൂടി വ്യക്തികള്‍ക്ക് ലഭിക്കേണ്ടതുണ്ടെന്ന് ട്രീനി സസ്‌റ്റൈനബിലിറ്റി സൊലൂഷന്‍സ് സിടിഒയും സഹസ്ഥാപകനുമായ ഭഗവാന്‍ ചൗഗ്ലെ പറഞ്ഞു. വായുവും വെള്ളവും മലിനമാക്കപ്പെടുന്നതിലൂടെയും മാലിന്യവും കീടനാശിനികളും വ്യാപകമാകുന്നതിലൂടെയും എല്ലാവരും രോഗികളാകാനുള്ള സാധ്യതയാണുള്ളത്. ഇതിനെ ഫലപ്രദമായി പ്രതിരോധിച്ചാല്‍ മാത്രമേ ആരോഗ്യ സുസ്ഥിരത സാധ്യമാവൂ എന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം ജൈവകൃഷിയിലൂടെ കേരളം സുസ്ഥിരത കൈവരിക്കാന്‍ നടത്തുന്ന ശ്രമങ്ങളെയും അഭിനന്ദിച്ചു.

സിഎന്‍എന്‍-ടിവി-18 ഡെപ്യൂട്ടി എക്‌സിക്യൂട്ടിവ് എഡിറ്റര്‍ സാക്ക ജേക്കബ് ചര്‍ച്ച നയിച്ചു. പ്രതിനിധികള്‍ കൈസാല സംവിധാനത്തിലൂടെ ഉന്നയിച്ച സംശയങ്ങള്‍ക്കുള്ള ഉത്തരവും വിദഗ്ധര്‍ നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top