Business

ഡാറ്റ ദുരുപയോഗം തടയാന്‍ നിയമം വേണമെന്ന് വിദഗ്ധര്‍

കൊച്ചി: ഡാറ്റ ദുരുപയോഗം തടയുന്നതിനായി അടിയന്തരമായി നിയമനിര്‍മ്മാണം നടത്തണമെന്ന് രാജ്യത്തെ വ്യാവസായിക പ്രമുഖര്‍. കൊച്ചിയില്‍ നടക്കുന്ന ആഗോള ഐടി ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചറില്‍ വിദഗ്ധര്‍ ആവശ്യപ്പെട്ടു. ഡാറ്റാ; ദി ഓയില്‍ ഓഫ് ദി ഡിജിറ്റല്‍ ഫ്യൂച്ചര്‍ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് ഐടി രംഗത്തെ ഉന്നത വ്യാവസായിക പ്രമുഖര്‍ ഈ കാര്യം ആവശ്യപ്പെട്ടത്. ഇന്‍ഫോസിസ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, ഡെല്‍ ഇഎംസി ഇന്ത്യ കോമേഴ്‌സ്യല്‍ പ്രസിഡന്റും എംഡിയുമായ അലോക് ഓഹ്രീ, എന്‍ട്രിന്‍സ്യ ഇങ്ക് സ്ഥാപകനും സിഇഒയുമായ ദേവദാസ് വര്‍മ്മ, ന്യൂഫോട്ടോണ്‍ ടെക്‌നോളജീസിന്റെ പ്രസിഡന്റും സിഇഒയുമായ രാംദാസ് പിള്ള, യുഎസ്ടി ഗ്ലോബല്‍ സിഇഒ സാജന്‍ പിള്ള, അമേരിക്കയിലെ ടെക്‌സാസിലെ എസ്എംയു എടിആന്‍ഡ് ടി സെന്റര്‍ ഫോര്‍ വെര്‍ച്വലൈസേഷന്‍ ഡയറക്ടര്‍ ഡോ. സുകു നായര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ദി ഇന്ത്യന്‍ എക്‌സ്പ്രസ് ന്യൂമീഡിയ എഡിറ്റര്‍ നന്ദഗോപാല്‍ രാജന്‍ ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്നു.

സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ സജീവമായതിനാല്‍ തന്നെ ഇന്ത്യയിലെ ജനങ്ങളുടെ ഡാറ്റാ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ ഏറെയാണെന്ന് ഡെല്‍ ഇഎംസി ഇന്ത്യ കോമേഴ്‌സ്യല്‍ പ്രസിഡന്റും എംഡി അലോക് ഓഹ്രി പറഞ്ഞു. ഡാറ്റാ ഉപഭോഗത്തില്‍ നിയന്ത്രണങ്ങളില്ലാത്തതിനാല്‍ തന്നെ അതിന് ദുരുപയോഗം എന്ന് പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയന്ത്രണങ്ങളില്ലെങ്കില്‍ വാണിജ്യ താത്പര്യത്തിന് ഇത്തരം ഡാറ്റാ ഉപയോഗിക്കുന്നതില്‍ കുറ്റം പറയാനാവില്ല. അതിനാല്‍ നിയമനിര്‍മ്മാണം അടിയന്തരമായി നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളില്‍ നല്‍കിയ വിവരങ്ങള്‍ ചൂഷണം ചെയ്യാതിരിക്കണമെങ്കില്‍ ആത്യന്തികമായി അതുപയോഗിക്കുന്നവര്‍ തന്നെ ചിന്തിക്കണമെന്ന് ടെക്‌സാസിലെ എസ്എംയു എടിആന്‍ഡ് ടി സെന്റര്‍ ഫോര്‍ വെര്‍ച്വലൈസേഷന്‍ ഡയറക്ടര്‍ ഡോ. സുകു നായര്‍ അഭിപ്രായപ്പെട്ടു. പണമോ, പഴ്‌സോ പൊതു ഇടത്തില്‍ ആരും ഉപേക്ഷിച്ചു പോകാറില്ല. സ്വകാര്യ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നല്‍കുന്നതിലും ഇതേ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം പറഞ്ഞു.

ഡാറ്റാ ഉപഭോഗത്തില്‍ അടിയന്തരമായി നിയമനിര്‍മ്മാണം വേണമെന്ന് ഇന്‍ഫോസിസ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരുകള്‍ക്ക് ഇതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ല. അതു പോലെ ഡാറ്റാ രംഗത്തെ അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം. എന്‍ജിനീയറിംഗ്, ശാസ്ത്ര, കൊമേഴ്‌സ്യല്‍ ബിരുദപഠനത്തില്‍ നിര്‍മ്മിത ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), യന്ത്രപഠനം(മെഷീന്‍ ലേണിംഗ്) എന്നിവ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. സര്‍വകലാശാലകളും ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും ഇക്കാര്യത്തില്‍ വ്യവസായങ്ങളുടെ മുന്‍ഗണന ഉള്‍ക്കൊള്ളാന്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗം തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡാറ്റാ സംസ്‌കരണ രംഗത്ത് കേരളത്തിന് മികച്ച അവസരമുണ്ടെന്ന് യുഎസ്ടി ഗ്ലോബല്‍ സിഇഒ സാജന്‍ പിള്ള പറഞ്ഞു. വ്യാവസായിക സാധ്യത കേരളം നഷ്ടപ്പെടുത്തിയെങ്കിലും ഡിജിറ്റല്‍ സാധ്യത കേരളം നഷ്ടപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. മികച്ച ഡാറ്റാ പ്രൊസസിംഗ് പ്രൊഫഷണലുകളെ ഇന്ന് ഐടി വ്യവസായങ്ങള്‍ക്ക് ആവശ്യമുണ്ട്. അതിനായി അപ്ലൈഡ് ഡാറ്റാ സയന്‍സ്, ഡാറ്റാ മാനേജ്മന്റ് എന്നീ വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനം ശുദ്ധീകരിക്കുന്നതു പോലെ അസംസ്‌കൃത ഡാറ്റായും സംസ്‌കരിക്കേണ്ടതുണ്ടെന്ന് എന്‍ട്രിന്‍സ്യ ഇങ്ക് സ്ഥാപകനും സിഇഒയുമായ ദേവദാസ് വര്‍മ്മ ചൂണ്ടിക്കാട്ടി. അസംസ്‌കൃത ഡാറ്റാ ഗുരുതരമായ പ്രശ്‌നങ്ങള്‍ വ്യവസായങ്ങള്‍ക്കുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസങ്ങളിലായി
കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷനില്‍ നടക്കുന്ന ഹാഷ് ഫ്യൂച്ചര്‍ ഉച്ചകോടി ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top