തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. ദുരിതബാധിതരുടെ അമ്പതിനായിരം മുതല്‍ മൂന്നു ലക്ഷം രൂപ വരെയുളള കടങ്ങള്‍ എഴുതിത്തളളുന്നതിന് 7.63 കോടി രൂപ സര്‍ക്കാര്‍ അനുവദിക്കും. അമ്പതിനായിരം രൂപ വരെയുളള കടങ്ങള്‍ നേരത്തെ എഴുതിത്തളളിയിട്ടുണ്ട്.
പുതുതായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ വന്നവരടക്കമുള്ള മുഴുവന്‍ പേര്‍ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷന് ശുപാര്‍ശ പ്രകാരമുളള ധനസഹായം അടിയന്തരമായി കൊടുത്തുതീര്‍ക്കും. ഇതിനുവേണ്ടി 30 കോടി രൂപ സര്‍ക്കാര്‍ നല്‍കും. പൂര്‍ണമായി കിടപ്പിലായവര്‍ക്കും ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ക്കും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും 5 ലക്ഷം രൂപ വീതവും മറ്റു വൈകല്യങ്ങളുളളവര്‍ക്ക് 3 ലക്ഷം രൂപ വീതവും മനുഷ്യാവകാശ കമ്മീഷന് ശുപാര്‍ശ പ്രകാരം നല്‍കുന്നുണ്ട്. കൂടാതെ ദുരിതബാധിതരായ കാന്‍സര്‍ രോഗികള്‍ക്ക് 3 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.