കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോളിലെ ആദ്യ പോരാട്ടത്തിനായി കേരളം ഇന്നിറങ്ങും. ഒന്നര പതിറ്റാണ്ടിനിപ്പുറം സന്തോഷ് ട്രോഫി വീണ്ടും നാട്ടിലെത്തിക്കാന്‍ രാഹുല്‍ വി രാജിന്റെ നേതൃത്വത്തിലാണ് കേരളം ഇന്നിറങ്ങുന്നത്. വൈകീട്ട് മൂന്നിന് കൊല്‍ക്കത്തയില്‍ നടക്കുന്ന മത്സരത്തില്‍ ചണ്ഡീഗഡാണ് കേരളത്തിന്റെ എതിരാളികള്‍.
കരുത്തരായ മണിപ്പൂരും മഹാരാഷ്ട്രയും ആതിഥേയരായ ബംഗാളുമടങ്ങുന്ന മരണഗ്രൂപ്പിലാണ് ഇത്തവണ കേരളം. ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറണമെങ്കില്‍ കേരളത്തിന് ഏറെ വിയര്‍ക്കേണ്ടി വരും. വലിയ മത്സരങ്ങള്‍ കളിച്ച പരിചയമില്ലാത്ത യുവനിരയാണ് ടീമില്‍ ഏറെയും. 20 അംഗ ടീമില്‍ 13 പേര് പുതുമുഖങ്ങളാണ്. അഞ്ച് പേര് അണ്ടര്‍ 21 താരങ്ങളും.
അണ്ടര്‍ 19 ലോകകപ്പിലെ ദേശീയതാരം കെ പി രാഹുലും മുഹമ്മദ് പാറക്കോട്ടിലും മധ്യനിരയില്‍ കളി മെനയുമ്പോള്‍ വി കെ അഫ്ദലിനാണ് മുന്നേറ്റനിരയുടെ ചുമതല. പ്രാഥമിക ഘട്ടത്തില്‍ കളത്തിലിറങ്ങിയ അതേ ടീം തന്നെയാകും ഗ്രൂപ്പ് ഘട്ടത്തിലും പോരാട്ടത്തിനിറങ്ങുക.