Home app

തമിഴ്‌റോക്കേഴ്‌സിനെ കുടുക്കിയത് സ്വദേശത്തെ ബാങ്ക് അക്കൗണ്ട്; വ്യാജന്‍മാരിലേക്ക് പോലീസ് എത്തിയത് ഇങ്ങനെ

പുതിയ സിനിമകളുടെ വ്യാജ പകര്‍പ്പുകള്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്‌സ് സൈറ്റിനു പിന്നിലുളളവരെ കഴിഞ്ഞ ദിവസമാണ് ആന്റി പൈറസി സെല്‍ പിടികൂടിയത്. സിനിമയുടെ വ്യാജന്‍ പ്രചരിപ്പിച്ചത് വഴി കോടികളാണ് തമിഴ് റോക്കേഴ്‌സ് സ്വന്തമാക്കിയത്. മലയാളമടക്കമുള്ള സിനിമകളുടെ റിലീസ് ദിനം തന്നെ കോപ്പികള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തായിരുന്നു ഇവരുടെ ബിസിനസ്. തമിഴ് സിനിമാ ലോകത്തും ഏറെ തലവേദനയുണ്ടാക്കിയ സൈറ്റായിരുന്നു തമിഴ് റോക്കേഴ്‌സ്. നിരവധി ഡൊമെയ്‌നുകള്‍ സംഘടിപ്പിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഏതെങ്കിലും ഒരു ഡൊമെയിന്‍ നിരോധിച്ചാല്‍ അടുത്ത ഡൊമെയിനില്‍ സിനിമകള്‍ ലോഡ് ചെയ്യുകയായിരുന്നു ഇവരുടെ രീതി. എന്നാല്‍ ഇതിനിടയില്‍ ഇവര്‍ ഓര്‍ക്കാതെ പോയ ചെറിയൊരു പിഴവാണ് ഈ സംഘത്തെ പോലീസിന്റെ വലയിലാക്കിയത്.

സൈറ്റിലുളള പരസ്യങ്ങളായിരുന്നു ഇവരുടെ പ്രധാന വരുമാനം. ഇതേ പരസ്യങ്ങളുടെ വരുമാനം തന്നെയാണ് അവരെ പിടികൂടാന്‍ സഹായകമായതും. സൈറ്റിലുള്ള പരസ്യങ്ങള്‍ തേടിപ്പോയപ്പോഴാണ് പരസ്യത്തിന്റെ വരുമാനം പോകുന്ന അക്കൗണ്ടുകള്‍ കണ്ടെത്തിയത്. അവരവരുടെ പേരില്‍ തന്നെയുള്ള അക്കൗണ്ടുകളിലേക്ക് പണം പോകുന്നതായി കണ്ടെത്തിയ പോലീസ് ഇവരെ അതിവേഗം പിടികൂടുകയായിരുന്നു.

തമിഴ് റോക്കേഴ്‌സ് സൈറ്റിന്റെ അഡ്മിന്‍ കാര്‍ത്തിയായിരുന്നു ബുദ്ധികേന്ദ്രം. അഡ്മിന്‍ കാര്‍ത്തിയോടൊപ്പം പ്രഭു, സുരേഷ്, ജോണ്‍സണ്‍, ജഗന്‍ എന്നിവരും ആന്റി പൈറസി സെല്ലിന്റെ പിടിയിലായിരുന്നു. അതേസമയം തന്നെ ഡിവിഡി റോകേഴ്‌സ് ടീമും അറസ്റ്റിലായിട്ടുണ്ട്. ഡിവിഡി റോക്കേഴ്‌സെന്ന വെബ്‌സൈറ്റ് നടത്തിയിരുന്ന ജോണ്‍സണ്‍, മരിയ ജോണ്‍ എന്നീ സഹോദരങ്ങളാണ് പിടിയിലായത്. ഡിവിഡി റോക്കേഴ്‌സ് ഉടമ 2015 മുതല്‍ 16 വരെ മാത്രം അമ്പത് ലക്ഷം രൂപയാണ് നേടിയത്. ടിഎന്‍ റോക്കേഴ്‌സ 75 ലക്ഷം രൂപയും ഈ കാലയളവില്‍ വരുമാനമുണ്ടാക്കിയിട്ടുണ്ട്. മാസം ഏകദേശം രണ്ട് മുതല്‍ നാല് ലക്ഷം വരെ വരുമാനമുണ്ടാകും.

തമിഴ്‌നാട്ടിലെ വില്ലുപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തമിഴ്‌റോക്കേഴ്‌സിന് പരസ്യം നല്‍കിയിരുന്നത് ഹരിയാന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പരസ്യ ഏജന്‍സിയാണ്. അടുത്തിടെ മലയാളത്തില്‍ ഇറങ്ങിയ പൃഥ്വിരാജിന്റെ വിമാനം, സൂപ്പര്‍ ഹിറ്റ് ചിത്രം പുലിമരുകന്‍, രാമലീല എന്നീ സിനിമകളുടെ വ്യാജന്‍മാരെ പ്രചരിപ്പിച്ചതിനാണ് ഇവര്‍ക്കെതിരെ അന്വേഷണം തുടങ്ങിയത്. ഒടുവില്‍ തമിഴ്‌റോക്കേഴ്‌സിന് പരസ്യം നല്‍കിയിരുന്ന ഏജന്‍സികളെ കണ്ടെത്തുകയും അതുവഴി സൈറ്റിന്റെ ഉടമസ്ഥരിലേക്ക് പോലീസ് എത്തിച്ചേരുകയുമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top