Home app

വാട്ട്‌സ് ആപ്പ് സിംപിളാണ്..പവര്‍ഫുള്ളും..

2009ലാണ് വാട്ട്‌സ് ആപ്പ് എന്ന മെസേജിംഗ് ആപ്പിന്റെ രംഗപ്രവേശനം. ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനില്‍ അതുവരെ കുത്തകയായി വാണിരുന്ന ബ്ലാക്ക്‌ബെറി മെസ്സെഞ്ചറിനെ മൂക്കുംകുത്തിച്ച് വീഴ്ത്തി വാട്ട്‌സ് ആപ്പ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത് വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ്. അതിനിടയില്‍ വാട്ട്‌സ് ആപ്പിനെ ഫേസ്ബുക്ക് വിഴുങ്ങുകയും ചെയ്തു. ഇന്ന് മാസത്തില്‍ 1.5 ബില്ല്യണിലധികം സജീവ ഉപഭോക്താക്കളുള്ള ജനപ്രിയ ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമാണ് വാട്ട്‌സ്ആപ്പ്.

ദിനംപ്രതിയെന്നോണം വാട്ട്‌സ് ആപ്പ് ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഡിലീറ്റ് ഫോര്‍ എവരിവണ്‍, വാട്ട്‌സ് ആപ്പ് സ്റ്റാറ്റസ്, ഷെയര്‍ യുവര്‍ ലൈവ് ലൊക്കേഷന്‍ തുടങ്ങിയ പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി അനുദിനം അപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്യാറുമുണ്ട് വാട്ട്‌സ് ആപ്പ്. അവയില്‍ ഒട്ടുമിക്ക ഫീച്ചറുകളും എല്ലാവര്‍ക്കും സുപരിചിതമാണ്. എന്നാല്‍ നമ്മള്‍ അധികം ശ്രദ്ധിക്കാത്ത ചില കിടിലന്‍ ഫീച്ചറുകള്‍ വാട്ട്‌സ് ആപ്പിനുള്ളില്‍ ഒളിഞ്ഞിരിപ്പുണ്ട്.

അയച്ച ആള്‍ അറിയാതെ നമുക്ക് മെസേജ് വായിക്കാന്‍ കഴിയും എന്നതാണ് അതിലൊന്ന്. നമ്മള്‍ മെസേജ് അയച്ചതിന് ശേഷം കാണുന്ന നീല നിറത്തിലുള്ള രണ്ടു ശരികള്‍ നമ്മള്‍ ആര്‍ക്കാണോ മെസേജ് അയച്ചിരിക്കുന്നത് അയാള്‍ അത് കണ്ടു എന്നതാണ് കാണിക്കുന്നത്.  എന്നാല്‍ ഈ ഫീച്ചര്‍ നമുക്ക് ഡിസെബിള്‍ ചെയ്തുവയ്ക്കുവാന്‍ സാധിക്കും. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം, സെറ്റിംഗ്‌സില്‍ പ്രൈവസിയില്‍ റീഡ് റിസീപ്റ്റസ് എന്ന ഓപ്ഷന്‍ ഹൈഡ് ചെയ്ത് വച്ചാല്‍ മതി. എന്നാല്‍ ഇങ്ങനെ ചെയ്താല്‍ ചെയ്ത ആള്‍ക്ക് അവര്‍ അയച്ച മെസേജുകളും വായിച്ചുവോ എന്ന് അറിയാന്‍ സാധിക്കില്ല എന്നൊരു പരിമിതിയുണ്ട്. ഇതൊന്നുമല്ലാതെ വേറൊരു കുറുക്കുവഴികൂടെയുണ്ട് ഇതിന്, ഫോണ്‍ ഏറോപ്ലെയിന്‍ മോഡിലാക്കിയതിന് ശേഷം മെസേജ് തുറന്ന് വായിച്ചാല്‍ മതി.

കഴിഞ്ഞ വര്‍ഷത്തിന്റെ അവസാനമാണ് അയച്ച മെസേജ് തിരിച്ചെടുക്കാന്‍ സാധിക്കുന്ന ഫീച്ചര്‍ വാട്ട്‌സ് ആപ്പ് കൊണ്ടുവന്നത്. അബദ്ധത്തില്‍ അയച്ചു പോകുന്നതോ അല്ലെങ്കില്‍ അയച്ചു കഴിഞ്ഞതിന് ശേഷം അയക്കേണ്ടതില്ല എന്ന് തോന്നുന്നതോ ആയ മെസേജുകള്‍ ഡിലീറ്റ് ചെയ്യുവാനുള്ള സൗകര്യമാണ് ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഫീച്ചറിലൂടെ ലഭിക്കുന്നത്. മെസേജ് അയച്ച് 68 മിനിട്ടിനുള്ളില്‍ അയച്ചയാള്‍ മെസേജ് ഡിലീറ്റ് ചെയ്യണം. ഇതിനായി മെസേജില്‍ ലോംഗ് പ്രസ് ചെയ്ത് ഡിലീറ്റ് ഫോര്‍ എവരിവണ്‍ എന്ന ഓപ്ഷന്‍ സെലക്ട് ചെയ്താല്‍ മതി.

വാട്ട്‌സ് ആപ്പ് ഫീച്ചറുകളില്‍ ഏറെ അവഗണിക്കപ്പെട്ട ഒരു ഫിച്ചറാണ് സ്റ്റാര്‍ഡ് മെസേജസ്. എന്നാല്‍ പ്രധാനപ്പെട്ടതെന്ന് തോന്നുന്ന മെസേജുകളെ ഉപഭോക്താവിന് ബുക്ക്മാര്‍ക്ക് ചെയ്ത് വയ്ക്കാവുന്ന ഈ ഫീച്ചര്‍ ഏറെ ഉപകാരപ്രദമായ ഒന്നാണ്. പിന്നീട് എപ്പൊഴെങ്കിലും റെഫറന്‍സ് വേണ്ടിവരികയാണെങ്ങില്‍ സ്റ്റാര്‍ഡ് മെസേജസ് വഴി ആവശ്യമുള്ള സന്ദേശങ്ങള്‍ എഴുപ്പം കണ്ടെത്താവുന്നതാണ്. മെസേജില്‍ ലോംഗ് പ്രസ് ചെയ്താല്‍ ലഭിക്കുന്ന ഓപ്ഷനുകളില്‍ നിന്ന് സ്റ്റാര്‍ സെലക്ട് ചെയ്താല്‍ ഉപഭോക്താവിന് മെസേജസ് സ്റ്റാര്‍ ചെയ്യാവുന്നതാണ്.

വാട്ട്‌സ് ആപ്പ് എന്നും ഉപയോഗിക്കുന്നവരായിട്ടും ഇതുവരെ ഇവ ശ്രദ്ധിച്ചിട്ടില്ലെങ്കില്‍ ഇന്ന് മുതല്‍ എല്ലാം പരീക്ഷിച്ചു നോക്കിക്കോളൂ…അതെ
വാട്ട്‌സ് ആപ്പ് സിംപിളാണ്..പവര്‍ഫുള്ളും..

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top