Home app

തേനി സംഭവം; വീഴ്ച്ച ആരുടെ ഭാഗത്ത്..?

തേനിയിലെ കുരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍ നാല്‍പ്പതംഗ സംഘം അകപ്പെട്ട വാര്‍ത്ത ഞെട്ടലോടെയാണ് ലോകം അറിഞ്ഞത്. നിരോധിത മേഖലയായിരുന്നിട്ടുകൂടി 26 സ്ത്രീകളും മൂന്ന് കുട്ടികളും എട്ട് പുരുഷന്‍മാരുമടങ്ങുന്ന സംഘം ഇവിടെ എങ്ങനെ എത്തി എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന വസ്തുത. കൃത്യമായ ട്രക്കിംഗ് സംവിധാനങ്ങളില്ലാത്ത ഇവിടെ സംഘം അതിക്രമിച്ച് കടന്നതായാണ് സൂചന. എന്നാല്‍ ഇവരെ കടത്തിവിട്ടതില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നത് സംബന്ധിച്ചും വ്യക്തത വരേണ്ടതുണ്ട്.

കൂടുതലും ചെങ്കുത്തായ പ്രദേശത്തോട് കൂടിയതാണ് കുരങ്ങിണി വനമേഖല. അഞ്ച് അടിയിലധികം ഉയരമുളള പുല്‍മേടുകളും മുള്‍ച്ചെടികളോടും കൂടിയ ഇവിടെ കാട്ടുതീ പടര്‍ന്നു പിടിച്ചത് സാധാരണ വനമേഖലയിലുണ്ടാകുന്ന കാട്ടുതീയേക്കാള്‍ കൂടിയ ശക്തിയിലാണ്. പതിനഞ്ച് മീറ്റര്‍ വരെ ഉയരത്തില്‍ തീ പടരുന്നതോടെ പ്രദേശത്തെ താപനില 50 ഡിഗ്രിയോളം എത്തുകയും പൊളളലിനേക്കാള്‍ നിര്‍ജലീകരണം മൂലം മരണം സംഭവിക്കുകയും ചെയ്യുന്നു.

കനത്ത ചൂടില്‍ ഉണങ്ങിക്കടക്കുന്ന പുല്‍മേട്ടിലേക്ക് സംഘത്തില്‍പ്പെട്ടവരില്‍ ആരോ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞതാണ് തീ പിടിക്കാന്‍ കാരണമായതെന്നാണ് ലഭിക്കുന്ന സൂചന. അത്യുഷ്ണത്തില്‍ പൊളളിക്കിടക്കുന്ന വനമേഖലയില്‍ ചെറിയ തോതിലുണ്ടായ തീ മിനുട്ടുകള്‍ക്കകം വന്‍ കാട്ടുതീയായി മാറുകയായിരുന്നു.

വീശിയടിക്കുന്ന കാറ്റാണ് തീ പടര്‍ന്ന് പിടിച്ചതിന്റെ മറ്റൊരു പ്രധാന കാരണം. കുറ്റിക്കാടുകളും പുല്‍പ്രദേശവുമായതിനാല്‍ തീ ഉയരത്തില്‍ ആളുന്നത് രക്ഷാപ്രവര്‍ത്തനത്തിനും വിലങ്ങുതടിയായി. പൊളളലേറ്റതിനു പുറമെ നിര്‍ജലീകരണവും ഭയവും രക്ഷപെടാനുളള സാധ്യത ഇല്ലാതാക്കുന്നതാണ്. രക്ഷപെടുത്തിയവരെ സമീപത്തുളള പ്രാഥമിക കേന്ദ്രത്തില്‍ നിന്നും ശുശ്രൂഷ നല്‍കിയ ശേഷം തേനിയിലേക്കാണ് കൊണ്ടുപോയിരിക്കുന്നത്. മരിച്ച പത്ത് പേരുടെ മൃതദേഹം ബോഡിനായ്ക്കന്നൂര്‍ കോണ്‍വെന്റ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. അതേസമയം 40 ശതമാനത്തിന് മുകളില്‍ പൊളളലേറ്റവര്‍ക്ക് വനമേഖലയിലൂടെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി അണുബാധ ഏല്‍ക്കാനുളള സാധ്യതയും കൂടുതലാണ്. അതുകൊണ്ട് മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ലഭിക്കുന്ന സൂചന.

കുരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍പ്പെട്ടവര്‍

വിനോദസഞ്ചാരികള്‍ ഏറെയെത്തുന്ന കൊളുക്കുമലയിലേക്കും മീശപ്പുലിമലയിലേക്കും വിലക്ക് ലംഘിച്ച് നിരവധി ആളുകള്‍ എത്തുന്നുണ്ട. തമിഴ്‌നാട് ബോര്‍ഡറില്‍ നിന്നും കുരങ്ങിണി വഴി മലകയറി വന്നാല്‍ പാസ് നല്‍കേണ്ടതില്ലാത്തതിനാല്‍ ഏറെപ്പേര്‍ ഇതുഴിയും കടക്കാറുണ്ട്. ഇതാണ് ഒന്‍പതു പേരുടെ ദാരുണ മരണത്തിനിടയാക്കിയ സംഭവത്തിലേക്ക് നയിച്ചത്.

കൊളുക്കുമല പോലുളള ഉള്‍ക്കാട്ടിലെ ഇടങ്ങളിലേക്ക് പോകുമ്പോള്‍ ബന്ധപ്പെട്ടവരുടെ അനുമതിയും വേണ്ട മുന്നൊരുക്കങ്ങളും നിര്‍ബന്ധമായും പാലിക്കേണ്ടതാണെന്ന് ഓര്‍മിപ്പിക്കുന്നതാണ് ഈ സംഭവം. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം വനംവകുപ്പിന്റെ കണ്ണുവെട്ടിച്ചാണോ അകത്ത് കയറിയതെന്നതും പരിശോധിക്കേണ്ട വസ്തുതയാണ്. വരും നാളുകളില്‍ ചൂട് ഇനിയും കൂടാന്‍ സാധ്യതയുളളതിനാണ് ഇത്തരം ഇടങ്ങളിലേക്കുളള പ്രവേശനത്തിന് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റും വനംവകുപ്പും നിര്‍ബന്ധമായും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയേ മതിയാകു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top