കേരള തമിഴ്നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍ 9 പേര് മരിച്ചതായി സ്ഥിരീകരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ നാലുപേരുടെ നില പൊള്ളലേറ്റ് അതീവ ഗുരുതരമാണ്. മൂന്ന് പേരെ കണ്ടെത്താനുണ്ട്. ചെന്നൈ ട്രക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ എത്തിയ 25 സ്ത്രീകളും എട്ട് പുരുഷന്മാരും മൂന്ന് കുട്ടികളുമടങ്ങുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. മീശപ്പുലിമലയില്‍ നിന്നും ഇറങ്ങി കുരങ്ങിണി മലയുടെ താഴ്വാരത്തെത്തിയതോടെയാണ് തീ പടര്‍ന്നത്. ചെന്നൈയില്‍ നിന്നെത്തിയ 24 പേരും തിരുപ്പൂര്‍, ഈറോഡ് ഭാഗങ്ങളില്‍നിന്നെത്തിയ 12 അംഗ സംഘവുമാണ് അപകടത്തില്‍പ്പെട്ടത്. ശനിയാഴ്ചയാണ് ഇവര്‍ ട്രെക്കിങ്ങിനെത്തിയത്. വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകള്‍, അഗ്നിരക്ഷാസേന, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. തീ തിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അതേസമയം ട്രക്കിങ് സംഘം കുരങ്ങിണി മലയിലെത്തിയത് വിലക്കുകള്‍ ലംഘിച്ചാണെന്നാണ് വിവരം. കഴിഞ്ഞ പത്ത് ദിവസങ്ങളായി കൊളുക്കുമലയുടെ വിവിധയിടങ്ങളില്‍ കാട്ടൂതീയുടെ സാന്നിധ്യമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ വനത്തിനുള്ളിലെ ട്രക്കിങ് കര്‍ശനമായി നിരോധിച്ചിരുന്നു.
തേനി കാട്ടുതീ; ഒന്‍പത് പേരുടെ മരണം സ്ഥിരീകരിച്ചു
By
March 12, 2018 5:02 am