കൊളംബോ: അടിയന്തിരാവസ്ഥയ്ക്കിടെ ശ്രീലങ്കയില്‍ ആദ്യ ത്രിരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ശ്രീലങ്കയുടെ പരിചയസമ്പന്നരായ താരങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ യുവനിരയ്ക്ക് അടിപതറി. ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് ബാക്കിനില്‍ക്കെ മറികടന്നാണ് ലങ്ക വിജയം കൈപ്പിടിയിലൊതുക്കിയത്. 37പന്തില്‍ 66 റണ്‍സ് എടുത്ത കുശാല്‍ പെരേരയാണ് മാന്‍ ഓഫ് ദ മാച്ച്. 22 റണ്‍സുമായി തീസര പെരേരയും 15 റണ്‍സുമായി ദസന് ഷണകയും പുറത്താകാതെനിന്നു.
അതേസമയം 49 പന്തില്‍ 90 റണ്‍സുമായി ശിഖര്‍ ധവാന് ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ ഇതിനായില്ല. കുട്ടിക്രിക്കറ്റിലെ ധവാന്റെ എക്കാലത്തെയും മികച്ച സ്കോറായിരുന്നു ഇത്. 49 പന്തില്‍നിന്ന് ആറുവീതം സിക്സറും ബൗണ്ടറികളും ഉള്‍പ്പെടെയായിരുന്നു ധവാന്റെ ഇന്നിംഗ്സ്. അടിയന്തരാവസ്ഥ ത്രിരാഷ്ട്ര പരമ്പരയെ ബാധിക്കില്ലെന്ന് ലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് മത്സരം നടന്നത്. വ്യാഴാഴ്ച വൈകീട്ട് എഴിന് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.