Ernakulam

രാമശ്ശേരി ഇഡ്ഡലിക്ക് കൊച്ചിയില്‍ പുതിയ കട

ഇറ്റാലിയന്‍ പിസ്സായും, ചൈനീസ് ന്യൂഡില്‍സും, അമേരിക്കന്‍ ഹോട്ട്‌ഡോഗുമൊക്കെ കഴിച്ച് ശീലിച്ച കൊച്ചിക്കാര്‍, പാലക്കാട് നിന്നെത്തിയ രാമശ്ശേരി ഇഡ്ഡലിക്ക് മുന്നില്‍ നമിച്ച് പോയി. പേര് ”ഇഡ്ഡലി’ എന്നാണെങ്കിലും കാഴ്ചയ്ക്ക് നല്ല ഒന്നാന്തരം കുട്ടി ദോശ പോലെയിരിക്കും തൂവെള്ള രാമശ്ശേരി ഇഡ്ഡലി.

പാലക്കാട്ടെ രാമശ്ശേരി ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നാണ് തനി നാടന്‍ രാമശ്ശേരി ഇഡ്ഡലി മെട്രോ നഗരത്തില്‍ താല്‍ക്കാലിക വിരുന്നിനെത്തിയത്. കൊച്ചിയില്‍ അന്താരാഷ്ട്ര പുസ്‌കതോത്സവത്തിനോടനുബന്ധിച്ച ഫുഡ്സ്റ്റാളിലാണ് പരമ്പരാഗത രീതിയിലുള്ള രാമശ്ശേരി ഇഡ്ഡലി തയ്യാറാക്കുന്നത് കാണാനും കഴിക്കാനും ആളുകള്‍ എത്തിയത്.

അന്താരാഷ്ട്ര പുസ്‌കതോത്സവത്തിനോടനുബന്ധിച്ച ഫുഡ്സ്റ്റാളില്‍ രാമശ്ശേരി ഇഡ്ഡലിക്കായി ക്യൂ നില്‍ക്കുന്നവര്‍

തഞ്ചാവൂരില്‍ നിന്ന് 300 വര്‍ഷങ്ങള്‍ക്ക് മുമ്പ് രാമശ്ശേരിയിലെത്തിയ മുതലിയാര്‍ കുടുംബാംഗങ്ങളാണ് രാമശ്ശേരി ഇഡ്ഡലി ഉണ്ടാക്കി തുടങ്ങിയത്. പട്ടുസാരി നെയ്തിരുന്ന ഇവരില്‍ ചില കുടുംബാംഗങ്ങള്‍ മാത്രമാണ് 200 വര്‍ഷങ്ങള്‍ക്ക് പാരമ്പര്യ രീതിയിലുള്ള ഇഡ്ഡലി നിര്‍മിച്ച് ചെറിയ തോതില്‍ കച്ചവടം ചെയ്തു തുടങ്ങിയത്. രാമശ്ശേരിയില്‍ തന്നെയുള്ള സരസ്വതി ടീസ്റ്റാള്‍ ഉടമ, 66കാരിയായ ഭാഗ്യലക്ഷ്മി അമ്മാളാണ് രാമശ്ശേരി ഇഡ്ഡലി ഇപ്പോള്‍ തയ്യാറാക്കി വില്‍ക്കുന്നത്. മറ്റൊരു റസ്‌റ്റോറന്റില്‍ കൂടി ഇവിടെ രാമശ്ശേരി ഇഡ്ഡലി ലഭിക്കും.

ഉഴുന്നും പച്ചരിയും ഉലുവയും അല്‍പം ഉപ്പും ചേര്‍ത്തരച്ചു വയ്ക്കുന്ന മാവ് 6 മണിക്കൂറിന് ശേഷം നൂല്‍ തട്ടില്‍ തുണിക്ക് മീതേ ഒഴിച്ച് ചുട്ടെടുക്കും. പാചകം എളുപ്പമാണെങ്കിലും ഇനിയും വെളിപ്പെടുത്താന്‍ കഴിയാത്ത ചില കൂട്ടുകള്‍ കൂടിയുണ്ടെന്ന് ഭാഗ്യലക്ഷ്മി അമ്മാളുടെ മകള്‍ സ്മിത കേരള വിഷനോട് പറഞ്ഞു. അതെന്താണെന്ന് വെളിപ്പെടുത്താമോ എന്ന് ചോദിക്കുമ്പോള്‍ അതാണ് രാമശ്ശേരി ഇഡ്ഡലിയുടെ ട്രേഡ് സീക്രട്ട് എന്നവര്‍ പറയുന്നു.

പുളിവിറകിന്റെ തീയില്‍ മണ്‍കലത്തിന്റെ മുകളിലെ നൂല്‍ തട്ടത്തിലാണ് തുണിയില്‍ മാവ് ഒഴിച്ച് ഇഡ്ഡലി വേവാന്‍ വെക്കുന്നത്. അല്‍പസമയത്തിനുള്ളില്‍ ദോശ ലുക്കിലുള്ള അതീവ മൃദുലമായ രാമശ്ശേരി ഇഡ്ഡലി തയ്യാറാകും. ചൂട് ഇഡ്ഡലി ഔഷധഗുണമുള്ള പ്ലാച്ചി ഇലയില്‍ നിരത്തും. ആവശ്യക്കാര്‍ക്ക് നല്ല രസികന്‍ മുളക് തേങ്ങാ ചമ്മന്തിയും ചേര്‍ത്ത് ചൂടോടെ കഴിക്കാം. രണ്ട് രാമശ്ശേരി ഇഡ്ഡലിക്ക് 40 രൂപയാണ് വില. കൊച്ചിക്കാര്‍ ആവേശത്തോടെ ക്യൂനിന്ന് വാങ്ങുന്നത് കണ്ട് കൊച്ചിയില്‍ പുതിയൊരു കട ആരംഭിക്കുവാനുള്ള ആലോചനയിലാണ് സ്മിത ഇപ്പോള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top