Home app

ലീഡ് നില ;ത്രിപുരയില്‍ ഇഞ്ചോടിഞ്ച്, മേഘാലയയില്‍ കോണ്‍ഗ്രസ് മുന്നില്‍, നാഗാലാന്റില്‍ നാഗാ പീപ്പിള്‍സിന് ലീഡ്

രാഷ്ട്രീയ ഇന്ത്യയുടെ കണ്ണ് ഇന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കാണ് ഉറ്റുനോക്കുന്നത്. നാഗാലാന്റ് , ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ എട്ടുമണിക്ക് തുടങ്ങിയ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. പത്ത് മണിയുടെ ലീഡ് അനുസരിച്ച്

ത്രിപുരയില്‍ സിപിഎമ്മും ബിജെപിയും ഇഞ്ചോടിഞ്ച് മത്സരിക്കുകയാണ്. വോട്ടെടുപ്പ് നടന്ന 59 മണ്ഡലങ്ങളില്‍ സിപിഎം 31 സീറ്റിലും ബിജെപി 27 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു. അത്യന്തം ആകാംക്ഷ ജനിപ്പിക്കുന്നതാണ് ഫലസൂചനകള്‍. ബിജെപി വന്‍ കുതിപ്പ് ലക്ഷ്യമിടുന്ന ത്രിപുരയില്‍ സിപിഎമ്മിന്റെ 25 വര്‍ഷത്തെ ഭരണം അവസാനിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം.
ഇടതുപക്ഷം നിരന്തരം ജയിച്ചുവരുന്ന ത്രിപുരയിലേക്കാണ് കേരളവും ഉറ്റുനോക്കുന്നത്.

നാഗാലാന്‍ഡില്‍ എന്‍ഡിപിപി-ബിജെപി സഖ്യം തുടക്കം മുതല്‍ തന്നെ വ്യക്തമായ ലീഡ് നിലനിര്‍ത്തി മുന്നേറുകയാണ്. ഭരണകക്ഷിയായ എന്‍പിഎഫ് 28 സീറ്റുകളില്‍ മുന്നേറുകയാണ്. 24 സീറ്റുകളില്‍ ബിജെപിയും തൊട്ടു പുറകിലുണ്ട്. നാഗാലാന്റില്‍ ഗോത്രവിഭാഗങ്ങള്‍ ബിജെപിയുടെ രാഷ്ട്രീയ നയത്തില്‍ വിശ്വാസമര്‍പ്പിച്ചിട്ടുണ്ടോ എന്ന് ഇന്നറിയാം. നേരത്തേ ക്രൈസ്തവ സഭ ശക്തമായി ഇടപെട്ട നാഗാലാന്റിലെ തിരഞ്ഞെടുപ്പില്‍ മറ്റ് പ്രാദേശിക കക്ഷികളും നിര്‍ണ്ണായക സ്വാധീനമാണ്. തൂക്കുമന്ത്രിസഭ വന്നാലും ഭരണം പിടിക്കാനാവും ബിജെപി ആഞ്ഞുശ്രമിക്കുക.

മേഘാലയയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് 21 സീറ്റില്‍ ലീഡ് ചെയ്യുന്നു. ബിജെപി അഞ്ചിടത്ത് ലീഡ് പിടിച്ചിട്ടുണ്ട്.

ഉച്ചക്കു മുന്‍പായി മൂന്നിടത്തെയും ഫലം സംബന്ധിച്ച സമ്പൂര്‍ണ ചിത്രം ലഭിക്കും.

മൂന്നിടത്തും 60 സീറ്റുകള്‍ വീതമാണുള്ളതെങ്കിലും വോട്ടെടുപ്പ് നടന്നത് 59 സീറ്റുകളിലേക്കാണ്. ത്രിപുരയിലും മേഘാലയയിലും സ്ഥാനാര്‍ഥികളുടെ മരണത്തോടെ ഓരോ സീറ്റുകളില്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. നാഗാലാന്‍ഡിലെ ഒരു സീറ്റിലെ സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എക്‌സിറ്റ് പോളുകള്‍ തങ്ങള്‍ക്ക് അനുകൂലമായതിന്റെ ആത്മവിശ്വാസത്തിലാണ് മൂന്നു സംസ്ഥാനങ്ങളിലും ബിജെപി. എന്നാല്‍ ത്രിപുരയില്‍ ഭരണം നിലനിര്‍ത്തുമെന്ന് സിപിഎമ്മും മേഘാലയയില്‍ കോണ്‍ഗ്രസും പ്രതീക്ഷിക്കുന്നു

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ കാവി പുതപ്പിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ ഫലം കാണുമോ എന്ന് തെരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമാവും. മൂന്ന് സംസ്ഥാനങ്ങളിലും ഭരണമാറ്റമുണ്ടാകുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരിക്കുന്നത്. മൂന്നിടത്തും ബിജെപിക്ക് അനുകൂലമായിരുന്നു എക്‌സിറ്റ് പോള്‍ ഫല സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top