Home app

ശ്രീദേവിയുടെ വിയോഗം: ഉള്‍ക്കൊള്ളാനാകാതെ ചലച്ചിത്രലോകം

ദില്ലി: ചലച്ചിത്രതാരം ശ്രീദേവിയുടെ നിര്യാണത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും അനുശോചനപ്രവാഹം. മരണവാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രതികരിച്ചു. കോടിക്കണക്കിന് ആരാധകരുടെ ഹൃദയം തകര്‍ത്തുകൊണ്ടാണ് ശ്രീദേവിയുടെ വിയോഗവാര്‍ത്ത പുറത്തുവന്നതെന്നും രാഷ്ട്രപതി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ദു:ഖത്തിലാഴ്ത്തുന്ന വാര്‍ത്തയെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം. ദീര്‍ഘകാലത്തെ സിനിമാ ജീവിതത്തിലെ വ്യത്യസ്ത വേഷങ്ങളില്‍ അനശ്വരമായ പ്രകടനമാണ് ശ്രീദേവി കാഴ്ച വച്ചതെന്നും കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നുംപ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ശ്രീദേവിയുടെ ആകസ്മിക വേര്‍പാടില്‍ മുഖ്യമന്ത്രി പിണറായി വിജയനും ദു:ഖം രേഖപ്പെടുത്തി. അഞ്ചു ദശാബ്ദം ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന ശ്രീദേവിയുടെ ആകസ്മിക വേര്‍പാട് വ്യസനകരമാണെന്ന് പിണറായി വിജയന്‍ പ്രതികരിച്ചു. ബാലതാരമായി മലയാളിക്ക് മുന്നിലെത്തിയ ശ്രീദേവി ചലച്ചിത്രാസ്വാദകര്‍ക്ക് എക്കാലത്തും ഹൃദയത്തില്‍ സൂക്ഷിക്കാനുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

ശ്രീദേവിയുടെ മരണം ഞെട്ടിച്ചുവെന്ന് രജനീകാന്ത് പറഞ്ഞു. അടുത്ത സുഹൃത്തിനെ ആണ് നഷ്ടപ്പെട്ടതെന്നും സിനിമലോകത്തിനു നഷ്ടമായത് ഒരു ഇതിഹാസ താരത്തെ ആണെന്നും രജനീകാന്ത് കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലായിരുന്നു രജനീകാന്തിന്റെ പ്രതികരണം.

ശ്രീദേവിയുടെ മരണം ഒരു ദു:സ്വപ്നമാകട്ടെ എന്നു രാംഗോപാല്‍ വര്‍മ്മ പറഞ്ഞു. വലിയ നഷ്ടമാണ് ശ്രീദേവിയുടെ വിയോഗമെന്ന് കമല്‍ ഹസ്സന്‍ ട്വിറ്ററില്‍ പ്രതികരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top