തിരുവനന്തപുരം ; കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ശുഹൈബിന്റെ കൊലപാതകത്തില്‍ സര്‍ക്കാറിനെയും സിപിഎമ്മിനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തി പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല. ഇത്രയും ദിവസമായിട്ടും കേസില്‍ ഒരാളെപ്പോലും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. പോലീസിന്റെ കള്ളക്കളിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ചെന്നിത്തല ആരോപിച്ചു.
യൂത്ത് കോണ്‍ഗ്രസിന്റെ മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എടയന്നൂര്‍ സ്കൂള്‍ പറമ്പത്ത് വീട്ടില്‍ ഷുഹൈബ് കഴിഞ്ഞ ദിവസമാണ് അജ്ഞാതരാല്‍ കൊല്ലപ്പെടുന്നത്. ഡമ്മി പ്രതികളെ സിപിഎം നല്‍കുന്നത് വരെ അറസ്റ്റ് ഉണ്ടാകില്ലെന്നും ചെന്നിത്തല പറഞ്ഞു.
കൂടാതെ, കൊലപാതകം നടക്കുന്നതിന് മുന്‍പ് 19 തടവ് പുള്ളികള്‍ക്ക് കൂട്ടത്തോടെ പരോള്‍ നല്‍കിയത് സംശയിക്കേണ്ടതാണ്. ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതി കൊടി സുനിയും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇതിന്റെ രേഖകള്‍ ചെന്നിത്തല പുറത്തുവിട്ടു. സി.പി.എം ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘടയല്ല. ഭീകര സംഘടകളുടെ അതേ മാതൃകയിലുള്ള പ്രാകൃത രീതിയിലെ കൊലപാതകങ്ങളും അക്രമങ്ങളുമാണ് സി.പി.എം കേരളത്തില്‍ നടത്തുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.