സംസ്ഥാന വിജിലന്‍സ് ഡയറക്ടറായി നിര്‍മല്‍ ചന്ദ്ര അസ്താന ചുമതലയേറ്റു. തിങ്കളാഴ്ചയാണ് അസ്താനയെ വിജിലന്‍സ് മേധാവിയായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് വിജിലന്‍സ് ഡയറക്ടറുടെ ചുമതല നല്‍കിയതിനെതിരെ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് അസ്താനയെ വിജിലന്‍സ് ഡയറക്ടറായി സര്‍ക്കാര്‍ നിയമിച്ചത്.
1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അസ്താന ഉത്തര്‍പ്രദേശിലെ ബനാറസ് സ്വദേശിയാണ്. നിലവില്‍, ഡല്‍ഹി കേരള ഹൗസില്‍ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിയിലാണ്. കേരള പൊലീസ് നവീകരണത്തിന്റെ ചുമതലയും വഹിക്കുന്നുണ്ട്. സംസ്ഥാനത്തെ നാലാമത്തെ സീനിയര്‍ ഡിജിപിയാണ് എന്‍സി അസ്താന. 2019 നവംബര്‍ 30 വരെ അദ്ദേഹത്തിനു സര്‍വീസുണ്ട്.
കേന്ദ്ര അനുമതിയില്ലാതെ നിയമവിരുദ്ധമായാണ് ഡിജിപി ലോക്നാഥ് ബെഹ്റ വിജിലന്‍സ് ഡയറക്ടറുടെ അധിക പദവി വഹിക്കുന്നതെന്ന വിവരം പുറത്തായതോടെയാണ് വിജിലന്‍സ് മേധാവിയെ മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. ഹൈക്കോടതിയും വിഷയത്തില്‍ ഇടപെട്ടതോടെയാണ് നിയമനം അതിവേഗത്തിലാക്കി സര്‍ക്കാര്‍ ഉത്തരവിട്ടത്.