പ്യോങ് ചാങ്: 23ാമത് വിന്റര്‍ ഒളിമ്പിക്സിന് ദക്ഷിണ കൊറിയയിലെ പ്യോങ് ചാങില് ഒരുക്കമായി. കടുത്ത ശത്രുക്കളായ ദക്ഷിണ കൊറിയയുടേയും ഉത്തര കൊറിയയുടേയും നേതാക്കള്‍ ഒരുമിച്ച് വേദി പങ്കിടുമെന്നതും ഇരുരാജ്യങ്ങളിലെയും മത്സരാര്‍ത്ഥികള്‍ ഒരു കൊടിക്കീഴില്‍ അണിനിരക്കുമെന്നതുമാണ് ഇത്തവണത്തെ വിന്റര്‍ ഒളിമ്പിക്സിന്റെ പ്രത്യേകത. 93 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് ഒളിമ്പിക്സില്‍ പങ്കെടുക്കുക.
അതേസമയം വിന്റര്‍ ഒളിമ്പിക്സിനെ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ സ്വാഗതം ചെയ്തതിന് പിന്നാലെ ഉദ്ഘാടന ചടങ്ങില്‍ കിമ്മിന്റെ സഹോദരി കിം യോ ജോങ് പങ്കെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 1953 ലെ കൊറിയന്‍ യുദ്ധത്തിന് ശേഷം യാതൊരു സമാധാന ഉടമ്പടിയിലും ഒപ്പുവെയ്ക്കാത്ത ഈ രാജ്യങ്ങള്‍ തമ്മിലുള്ള അകലം കുറയ്ക്കുന്നതിനുള്ള വേദി കൂടിയാവും വിന്റര്‍ ഒളിമ്പിക്സ് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.