Home app

നെഹ്‌റു കോളേജില്‍ ആത്മഹത്യകള്‍ തുടര്‍ക്കഥയാകുന്നു; ജിഷ്ണു പ്രണോയിയുടെ മരണത്തിന്റെ ചൂടകലും മുമ്പെ മറ്റൊരു വിദ്യാര്‍ത്ഥി കൂടി ജീവനൊടുക്കി

നെഹ്‌റു ഗ്രൂപ്പിന്റെ കോയമ്പത്തൂര്‍ എഞ്ചിനിയറിംഗ് കോളേജിലെ ഒന്നാംവര്‍ഷ ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി ശബരിനാഥാണ് ആത്മഹത്യ ചെയ്തത്. തമിഴ്‌നാട് ശിവഗംഗ സ്വദേശിയാണ് ശബരിനാഥ്. ജനുവരി ആറ് ചൊവ്വാഴ്ച്ചയാണ് കോളേജിനു സമീപത്തുളള ഹോസ്റ്റല്‍ മുറിയില്‍ ശബരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വാര്‍ഷിക പരീക്ഷയില്‍ തോറ്റതിലുളള മനോവിഷമമാണ് ആത്മഹത്യക്ക് പിന്നിലെ കാരണം എന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ പ്രതിഷേധിച്ച് നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥികള്‍ കോളേജ് ഹോസ്റ്റല്‍ ഉപരോധിച്ചു. പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ വാര്‍ത്തയുടെ അലയൊലികള്‍ അടങ്ങും മുമ്പാണ് പുതിയ സംഭവം.

https://www.facebook.com/chandru1406/videos/2150834798469751/?q=nehru%20college

 

2017 ജനുവരി അഞ്ചിനായിരുന്നു പാമ്പാടി നെഹ്‌റു കോളേജിലെ ഒന്നാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തത്. കോളേജ് അധികൃതരുടെ പീഡനത്തെ തുടര്‍ന്നായിരുന്നു ജിഷ്ണു ആത്മഹത്യ ചെയ്തതെന്നാരോപിച്ച് ജിഷ്ണുവിന്റെ അമ്മ മഹിജ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചിരുന്നു. സംഭവം കേരളസമൂഹം ഒന്നാകെ ഏറ്റെടുത്തതോടെ ജിഷ്ണു കേസില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. തുടര്‍ന്ന് കോളേജ് ചെയര്‍മാന് കേരളത്തിലേക്കുളള പ്രവേശനം നിഷേധിച്ചെങ്കിലും കുറ്റക്കാര്‍ക്കെതിരെ ഇനിയും നടപടിയുണ്ടായിട്ടില്ല. ഇക്കഴിഞ്ഞ ജനുവരി അഞ്ചിന് ജിഷ്ണുവിന്റെ ചരമദിനത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് കോളേജിനു സമീപത്തുളള ജിഷ്ണുവിന്റെ സ്മാരകത്തിനു മുന്നില്‍ എത്തിയത്.

ജിഷ്ണുവിന് മുമ്പ് 2015ല്‍ കോയമ്പത്തൂര്‍ നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സമാനമായ സംഭവം നടന്നിരുന്നു. ഡിപ്പാര്‍ട്ട്‌മെന്റ് എച്ച്ഒഡിയുടെ മാനസിക പീഡനത്തേ തുടര്‍ന്ന് പാലക്കാട് സ്വദേശിനി ആത്മഹത്യ ചെയ്തത് കോളേജിനകത്ത് പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ തമിഴ്‌നാട്ടില്‍ നടന്ന സംഭവമായിരുന്നതിനാലും സ്ഥാപന ഉടമകളുടെ സ്വാധീനം മൂലവും സംഭവം പുറംലോകം അറിഞ്ഞില്ല. പെണ്‍കുട്ടിയുടെ മരണത്തെതുടര്‍ന്ന് മലയാളി -തമിഴ് വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായി നിന്ന് പ്രതിഷേധിച്ചെങ്കിലും മാനേജ്‌മെന്റ് സമരം അട്ടിമറിച്ചു.

ജിഷ്ണു കേസോടെയാണ് നെഹ്‌റു കോളേജിലെ യഥാര്‍ത്ഥ അവസ്ഥ പുറംലോകം അറിഞ്ഞത്. ഗുണ്ട അധ്യാപകരും, ഇടിമുറിയുമെല്ലാം സ്വാശ്രയ മാനേജ്‌മെന്റ് കോളേജുകളിലെ പതിവ് കാഴ്ച്ചയാണെന്ന് കേരളം തിരിച്ചറിഞ്ഞു. സോഷ്യല്‍ മീഡിയയും മാധ്യമങ്ങളുമെല്ലാം വിദ്യാഭ്യാസ കച്ചവടത്തിനെതിരെ വാളുയര്‍ത്തി. പ്രതിഷേധങ്ങള്‍ നാടെങ്ങും ഇരമ്പി. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആത്മഹത്യകള്‍ മാത്രം മുറ തെറ്റാതെ നടക്കുന്നു. ചിന്തിക്കാന്‍ പ്രായമായ ഒരു കോളേജ് വിദ്യാര്‍ത്ഥി പരീക്ഷയില്‍ തോറ്റതിന് ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. സ്വാശ്രയ കോളേജുകളെ യഥാവിധം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറായില്ലെങ്കില്‍ കാമ്പസ് ആത്മഹത്യകള്‍ നിത്യസംഭമാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top