സ്വാശ്രയ എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് കൊല്ലപ്പെട്ട ദിനം ‘കലാലയ ജനാധിപത്യ സംരക്ഷണ ദിനമായി ‘ആചരിച്ച് എസ്എഫ്ഐ .ഇതിന്റെ ഭാഗമായി മുഴുവന്‍ ക്യാമ്പസുകളിലും അനുസ്മരണ പരിപാടികളും എസ്എഫ്ഐ സംഘടിപ്പിച്ചു. 2017 ജനുവരി ആറിനാണ് തൂങ്ങിമരിച്ച നിലയില്‍ ജിഷ്ണുവിനെ ഹോസ്റ്റല്‍ മുറിക്കകത്തെ ശുചിമുറിയില്‍ കണ്ടെത്തിയത്. പരീക്ഷാ ഹാളില്‍ നിന്നും കോപ്പിയടിച്ചെന്ന് ആരോപിച്ച് എക്സാമിനര്‍ കൂട്ടിക്കൊണ്ടുപോയ ജിഷ്ണുവിനെ പിന്നീട് സഹപാഠികള്‍ കണ്ടത് തൂങ്ങിമരിച്ച നിലയിലാണ്. വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കോപ്പിയടിച്ചെന്നാരോപിച്ചു കോളജ് അധികൃതരെടുത്ത നടപടികളെ തുടര്‍ന്ന് ജിഷ്ണു ആത്മഹത്യ ചെയ്തെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. ജിഷ്ണുവിന്റെ മരണത്തിലൂടെ കേരളത്തിലെ സ്വാശ്രയ കോളേജുകളില്‍ നടക്കുന്ന ഞെട്ടിപ്പിക്കുന്ന നീതി നിഷേധമാണ് പുറത്തുവന്നത്. വിദ്യാര്‍ഥി സംഘടന പ്രവര്‍ത്തനത്തിന് വിലക്ക് കല്പിച്ചു അരാഷ്ട്രീയതയെ പ്രോത്സാഹിപ്പിക്കാനാണ് സ്വാശ്രയ സ്ഥാപനങ്ങള്‍ ശ്രമിച്ചിട്ടുള്ളതെന്നും എസ്എഫ്ഐ ആരോപിച്ചു.