Cricket

ഇന്ത്യ വീണ്ടും ലോകത്തിന്റെ നെറുകയില്‍; കൗമാരക്രിക്കറ്റില്‍ നാലാം കിരീടം

ഓവല്‍: അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ നാലാം കിരീടവുമായി ടീം ഇന്ത്യ. അണ്ടര്‍-19 കിരീടം നാലുതവണ നാട്ടിലെത്തിച്ച ആദ്യ രാജ്യമെന്ന ചരിത്ര നേട്ടവും ഇതോടെ ഇന്ത്യ സ്വന്തമാക്കി. കരുത്തരായ ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ദ്രാവിഡിന്റെ ചുണക്കുട്ടികള്‍ ലോകകിരീടം ഉയര്‍ത്തിയത്.

ഓപ്പണര്‍ മന്‍ജോതി കല്‍റയുടെ നോട്ടൗട്ട് സെഞ്ച്വറിയുടെ മികവിലായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം. ഓസീസ് ഉയര്‍ത്തിയ 217 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 38.5 ഓവറില്‍ കേവലം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ തന്ത്രങ്ങളുമായി കളത്തിലിറങ്ങിയ ഇന്ത്യന്‍ ടീമും എതിരാളികളായ ഓസീസ് ടീമും നാലാമത് കിരീടത്തിനായാണ് പോരാടിയത്. എന്നാല്‍ 67 പന്തും എട്ടു വിക്കറ്റും ബാക്കി നില്‍ക്കെ ടീം ഇന്ത്യ ആധികാരിക വിജയം സ്വന്തമാക്കി. 102 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സറും നേടി സെഞ്ച്വറി തികച്ച കല്‍റയുടെ പ്രകടനമാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്.

ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ പൃഥ്വി ഷായും മന്‍ജോത് കല്‍റയും മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും 11.4 ഓവറില്‍ 71 റണ്‍സുമായി മികച്ച തുടക്കം നല്‍കി. 41 പന്തില്‍ നിന്ന് 29 റണ്‍സടിച്ച പൃഥ്വി ഷായെ സതര്‍ലാന്‍ഡ് പുറത്താക്കിയതോടെ ആ കൂട്ടുകെട്ട് പൊളിയുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ ശുഭ്മാന്‍ ഗില്ലിന് സെമിയിലെ പ്രകടനം ആവര്‍ത്തിക്കാനായില്ല. ഉപ്പലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായ ശുഭ്മാന്‍ 31 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. എന്നാല്‍ പിന്നീട് വിക്കറ്റ്കീപ്പര്‍ ഹാര്‍വിക് ദേശായിയെ കൂട്ടുപിടിച്ചായിരുന്നു മന്‍ജോത് കല്‍റ ഇന്ത്യയെ വിജയതീരത്തെത്തിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top