തിരുവന്തപുരം ; സഹോദരന്റെ മരണത്തിന് പിന്നിലെ ദുരൂഹത സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന ശ്രീജിത്തുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി നേരിട്ടാണ് ശ്രീജിത്തിനെ ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്താമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു. വൈകിട്ട് 7 മണിക്കാണ് ശ്രീജിത്തിനെയും അമ്മയെയും ചര്‍ച്ചയ്ക്ക് വിളിച്ചത്.
അതേസമയം, സുഹൃത്തുക്കളുമായി ആലോചിച്ചശേഷം തീരുമാനം എടുക്കുമെന്ന് ശ്രീജിത്ത് പ്രതികരിച്ചു. മുഖ്യമന്ത്രിയെ കാണുകയാണെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുക, സിബിഐ അന്വേഷണം നടത്തുക തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിക്കും. സമരം തുടരുമെന്നും ശ്രീജിത്ത് വ്യക്തമാക്കി.
സഹോദരന്‍ ശ്രീജിവന്റെ മരണത്തില്‍ നീതി തേടി ശ്രീജിത്ത് നടത്തുന്ന സമരം ഇന്ന് 766-ാം ദിവസമാണ്. 2014 മേയ് 21 നാണ് ശ്രീജിത്തിന്രെ സഹോദരന്‍ ശ്രീജിവ് (25) പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചത്. പൊലീസിന്റെ ക്രൂര മര്‍ദനത്തെത്തുടര്‍ന്നാണ് മരണമെന്ന് പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി അന്വേഷണത്തില്‍ കണ്ടെത്തി. എഎസ്‌ഐ ഫിലിപ്പോസിന്റെ ബന്ധുവായ പെണ്‍കുട്ടിയുമായി ശ്രീജിവിന് അടുപ്പം ഉണ്ടായിരുന്നു. പെണ്‍കുട്ടിയുടെ വിവാഹത്തലേന്നാണ് ശ്രീജിവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയില്‍ എടുത്തതിന്റെ മൂന്നാം ദിവസമാണ് ശ്രീജിവ് മരിക്കുന്നത്.
പാറശാല മുന്‍ സിഐ ഗോപകുമാര്‍, എസ്‌ഐ ഡി.ബിജുകുമാര്‍, എസ്എസ്‌ഐ ഫിലിപ്പോസ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രതാപചന്ദ്രന്‍, വിജയദാസ്, എന്നിവരാണു കുറ്റാരോപിതര്‍. ഇവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി ഉത്തരവിട്ടു. എന്നാല്‍ സര്‍ക്കാര്‍ നടപടി ഉണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് സഹോദരന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്ത് സമരം ആരംഭിച്ചത്.