Home app

നികുതി വെട്ടിപ്പ് കേസില്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: നികുതിവെട്ടിപ്പു കേസില്‍ ബിജെപി എംപിയും നടനുമായ സുരേഷ്ഗോപിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. പുതുച്ചേരിയില്‍ ആഡംബര വാഹനം വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ രണ്ട് ആള്‍ജാമ്യത്തിനും ഒരുലക്ഷംരൂപ ബോണ്ടിനുമാണ് സുരേഷ് ഗോപിയെ വിട്ടയച്ചത്. കഴിഞ്ഞമാസം 21ന് സുരേഷ് ഗോപിയെ മൂന്ന് മണിക്കൂറോളം ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. വ്യാജരേഖയുണ്ടാക്കി രണ്ട് ആഡംബര വാഹനങ്ങള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചുവെന്നാണ് കേസ്. താന്‍ നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും പുതുച്ചേരിയിലെ വാടക വീടിന്റെ വിലാസത്തിലാണ് വാഹനം വാങ്ങിയതെന്നും ഈ വാഹനം കേരളത്തില്‍ ഉപയോഗിക്കാറില്ലെന്നുമായിരുന്നു സുരേഷ് ഗോപിയുടെ വാദം.

ഇത് നുണയാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നടപടി. ഹാജരാക്കിയ രേഖകളില്‍ വ്യക്തതക്കുറവുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഇതിനു പുറമെ സംസ്ഥാന സര്‍ക്കാറിന് നല്‍കേണ്ട ഭീമമായ നികുതി വെട്ടിച്ചതിനും വിശദീകരണം തൃപ്തികരമല്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സുരേഷ് ഗോപിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

സമാനമായ മറ്റൊരു കേസില്‍ നടി അമല പോളിനെയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. താന്‍ വാഹന റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ് നടത്തിയിട്ടില്ലെന്ന് നടി അമല പോള്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. 2013 മുതല്‍ താന്‍ സ്ഥിരമായി താമസിക്കുന്ന പുതുച്ചേരിയിലെ വിലാസത്തിലാണ് വാഹനം റജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയത് തന്റെ പേഴ്‌സണല്‍ സ്റ്റാഫാണ്.

നികുതി വെട്ടിപ്പ് സംബന്ധിച്ച കാര്യങ്ങളൊന്നും തനിക്ക് അറിവുള്ളതല്ലെന്നും അമല ക്രൈംബ്രാഞ്ചിനോട് വിശദീകരിച്ചു. എന്നാല്‍ അമല പോളിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണനയില്‍ നില്‍ക്കുന്നതിനാല്‍ ഇവരുടെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, ഇവരുടെ മൊഴി വിശ്വാസത്തിലെടുക്കാനും പൊലീസ് തയ്യാറായിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top