നിറങ്ങളും ചിത്രങ്ങളും തോന്നിയ പോലെ പതിച്ച് റോഡിലിറങ്ങുന്ന സ്വകാര്യ ബസുകള്‍ പഴങ്കഥയാകുന്നു. ഫെബ്രുവരി ഒന്നുമുതല്‍ സ്വകാര്യ ബസുകള്‍ക്ക് ഏകീകൃതനിറം നല്കാന് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചു. ബസുകള്‍ക്ക് ഏകീകൃത രൂപംനല്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ബസ് ബോഡികോഡും സംസ്ഥാനത്ത് നടപ്പാക്കിത്തുടങ്ങി.
സിറ്റി ബസുകള്‍ക്ക് പച്ചയും നഗരപ്രാന്തങ്ങളിലേക്കുള്ള മൊഫ്യൂസില്‍ ഓര്‍ഡിനറി ബസുകള്‍ക്ക് ഇളംനീലയും ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി ബസുകള്‍ക്ക് ഇളം മെറൂണുമാണ് നിശ്ചയിച്ചത്. എല്ലാ ബസുകള്‍ക്കും അടിവശത്ത് ഓഫ് വൈറ്റ് നിറത്തില്‍ മൂന്ന് വരകളുണ്ടാകും. ഫെബ്രുവരി ഒന്നുമുതല്‍ ഇത് കര്‍ശനമായി നടപ്പാക്കും. പാലിച്ചില്ലെങ്കില്‍ ഒന്നുമുതല്‍ രജിസ്ട്രേഷനും ഫിറ്റ്നസ് പരിശോധനയ്ക്കുമെത്തുന്ന ബസുകള്‍ക്ക് അനുമതി നല്‍കില്ല. ഒരു വര്‍ഷംകൊണ്ട് സംസ്ഥാനത്ത് സ്വകാര്യബസുകളിലെ നിറംമാറ്റം പൂര്‍ത്തിയാക്കും. സ്വകാര്യ ബസുകള്‍ക്കിടയില്‍ അനാരോഗ്യകരമായ രീതിയില്‍ ലക്ഷങ്ങള്‍ ചെലവിട്ട് നിറവും ഗ്രാഫിക്സും പതിക്കുന്നത് വര്‍ധിച്ചതിനാലാണ് നിയന്ത്രണം. ബസ് ഉടമകളുടെ സംഘടനതന്നെയാണ് നിര്‍ദേശം മുന്നോട്ടുവച്ചത്.