Home app

വണ്ടി വാങ്ങാന്‍ പണമുള്ളവര്‍ പെട്രോളുമടിക്കണം ; അല്‍ഫോണ്‍സ് കണ്ണന്താനം

വണ്ടി വാങ്ങാന്‍ പണമുള്ളവര്‍ പെട്രോളുമടിക്കണമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇന്ധനവില ദിനംപ്രതി കൂടുന്ന സാഹചര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.

‘സര്‍ക്കാര്‍ പ്രവര്‍ത്തിക്കാന്‍ പണം ആവശ്യമാണ്. സബ്സിഡി നല്‍കാനും വികസനപ്രവര്‍ത്തനങ്ങള്‍ക്കുമെല്ലാം പണം വേണം. അത് ലഭിക്കുന്നത് നികുതിയില്‍ നിന്നാണ്. പാവപ്പെട്ടവന് വേണ്ടി പണമുള്ളവര്‍ നികുതി നല്‍കാന്‍ തയാറാവണം. ഇരുചക്ര വാഹനം വാങ്ങാന്‍ പണമുള്ളവന്‍ ഭക്ഷണം കഴിക്കാനും സാമ്പത്തിക ശേഷിയുള്ളവരാണ്. എന്നാല്‍, രാജ്യത്തെ മുപ്പത് ശതമാനം ആളുകള്‍ ഒരുനേരം പോലും ഭക്ഷണം കഴിക്കാന്‍ വകയില്ലാത്തവരാണ്. അതിനാല്‍ വാഹനമുള്ളവര്‍ ആ ത്യാഗം സഹിക്കേണ്ടതു തന്നെയാണ്’ അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

ഇന്ധനവില വര്‍ധനമൂലം പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാനാവുന്നില്ല എന്നു പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. കാരണം അവയ്ക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നുണ്ട്. ‘നമ്മുടെ കെഎസ്ആര്‍ ടി സിയ്ക്ക് തന്നെ സര്‍ക്കാര്‍ എത്ര കോടി രൂപ നല്‍കുന്നുണ്ട്? ഇന്ധനവില മൂലം അവശ്യ സാധന വില വര്‍ധിക്കുന്ന അവസ്ഥയും ഇന്ത്യയില്‍ ഇപ്പോഴില്ല. രാജ്യത്തെ വിലക്കയറ്റം ഇപ്പോള്‍ നാലു ശതമാനത്തില്‍ താഴെ മാത്രമാണ്. റിസര്‍വ് ബാങ്കുമായുള്ള ധാരണ പ്രകാരം ഇത് നാലര ശതമാനം വരെയാകാമെന്നും മന്ത്രി വിശദീകരിച്ചു.

ബീഫിനെ കുറിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ തമാശയായി എടുത്തിരുന്നെങ്കില്‍ വിവാദങ്ങള്‍ ഉണ്ടാവുമായിരുന്നില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. വിദേശങ്ങളില്‍ നല്ല ബീഫ് കിട്ടും. വിദേശികള്‍ അവിടെ നിന്ന് ഇവിടെയെത്തി മെലിഞ്ഞ കാലികളുടെ മാംസം കഴിക്കേണ്ട കാര്യമുണ്ടോ എന്നാണ് താന്‍ തമാശയായി ചോദിച്ചത്. അത് ചാനലുകള്‍ ഏറ്റെടുത്ത് വലിയ വിവാദമാക്കി. കേരളത്തില്‍ തമാശ ആസ്വദിക്കാന്‍ ആളില്ലാത്തതാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഒരു പ്രദേശത്തെ ജനങ്ങള്‍ എന്താണോ കഴിക്കാന്‍ ആഗ്രഹിക്കുന്നത് അതിനാണ് പ്രാധാന്യമെന്നും കണ്ണന്താനം വ്യക്തമാക്കി. രാഷ്ട്രീയക്കാര്‍ക്ക് തമാശ പറയാനും ആസ്വദിക്കാനും അറിയില്ലെന്ന് കരുതരുത്. താനൊരു ‘ഫണ്‍ പേഴ്‌സണ്‍’ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top