ബലാത്സംഗക്കേസില്‍ കോടതി ശിക്ഷിച്ച ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിംഗിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീത് ഇന്‍സാനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ഹരിയാന പോലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ജയിലിലേക്ക് കൊണ്ടു പോകുന്ന വഴി ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ലുക്ക് ഔട്ട് നോട്ടീസ്. വിധിക്കുശേഷം കോടതിക്കു പുറത്തിറങ്ങിയ ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ശ്രമം നടന്നിരുന്നതായി പോലീസ് അറിയിച്ചിരുന്നു.
വിധി എതിരായാല്‍ കോടതിയുടെ പുറത്തുകാത്തു നില്ക്കുന്ന അനുയായികള്‍ക്കു കലാപം തുടങ്ങാന്‍ ആഹ്വാനം നല്കുന്ന സന്ദേശം കൈമാറാനും പദ്ധതി തയാറാക്കിയിരുന്നു. ചുവന്ന ബാഗ് ഉയര്‍ത്തി കലാപത്തിന് ആഹ്വാനം നല്‍കാനായിരുന്നു പദ്ധതി. അംഗരക്ഷകരുടെ സഹായത്താല്‍ മറ്റൊരു കാറില്‍ കയറി രഹസ്യ കേന്ദ്രത്തിലേക്കു മാറാനായിരുന്നു ശ്രമം. എന്നാല്‍, പോലീസ് ഈ നീക്കങ്ങളെല്ലാം തകര്‍ക്കുകയായിരുന്നു.