സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ വിധിയുടെ പേരില്‍ സീറ്റ് നഷ്ടപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിധി വന്നതോടെ മെഡിക്കല്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉത്കണ്ഠയിലാണ്. ആവരുടെ ഉത്കണ്ഠയില്‍ കാര്യമുണ്ട്. അഞ്ച് ലക്ഷം ഫീസിനു പുറമെ ആറ് ലക്ഷം രൂപ ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്നതാണ് സുപ്രീം കോടതി നിര്‍ദേശം. പാവപ്പെട്ടവര്‍ക്ക് ഈ ഫീസില്‍ പഠിക്കാന്‍ കഴിയില്ല. അതിനാല്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് നഷ്ടപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ബാങ്ക് ഗ്യാരണ്ടി പ്രശ്നത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുളള പ്രയാസം പരിഹരിക്കുന്നതിന് ബാങ്കുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് ടി.കെ രാമകൃഷ്ണന് പുരസ്കാര വിതരണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൊളാറ്ററല്‍ സെക്യൂരിറ്റിയും തേര്‍ഡ് പാര്‍ട്ടി ഗ്യാരണ്ടിയും മാര്‍ജിന്‍ മണിയും ഒഴിവാക്കണമെന്ന് ബാങ്കുകളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അവര്‍ സഹകരിക്കുമെന്നാണ് കരുതുന്നത്. ബാങ്ക് ഗ്യാരണ്ടിക്ക് കമ്മീഷന് ഈടാക്കുന്ന പ്രവണതയുണ്ട്. തീരെ ദരിദ്രരായവര്‍ക്കും ബി.പി.എല്‍. വിഭാഗത്തിനും എസ്.സി-എസ്.ടിക്കാര്‍ക്കും കമ്മീഷന് ഒഴിവാക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സുപ്രീംകോടതിയുടെ വിധി അന്തിമമല്ല. അഞ്ചുലക്ഷം രൂപ ഫീസിനു പുറമെ തല്ക്കാലം ആറു ലക്ഷം രൂപയുടെ ബാങ്കു ഗ്യാരണ്ടി നല്‍കണമെന്നാണ് കോടതി പറഞ്ഞിട്ടുളളത്. ഫീസ് റഗുലേറ്ററി കമ്മിറ്റി ഫീസ് നിര്‍ണ്ണയിക്കണമെന്നും കോടതി പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എത്രയും വേഗം ഫീസ് തീരുമാനിക്കണമെന്ന് റഗുലേറ്ററി കമ്മിറ്റിയോട് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിമൂലം പ്രയാസപ്പെടുന്ന കുടുംബങ്ങളോടൊപ്പമാണ് ഈ സര്‍ക്കാര്‍. അവരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.