Home app

അനുവാദമില്ലാതെ ചിത്രങ്ങള്‍ എടുത്തെന്നാരോപിച്ച് രാഹുല്‍ ഈശ്വരനെതിരെ ഹാദിയയുടെ അച്ഛന്റെ പരാതി

രാഹുല്‍ ഈശ്വര്‍ വീട്ടിലെത്തി അനുവാദമില്ലാതെ അഖിലയുടെ(ഹാദിയ) ചിത്രങ്ങള്‍ എടുത്തെന്നാരോപിച്ച് അച്ഛന്‍ കെ.എം.അശോകന്‍ വൈക്കം പോലീസില്‍ പരാതി നല്‍കി. വൈക്കം സ്വദേശിനിയായ അഖില മതംമാറി ഹാദിയ ആയതുസംബന്ധിച്ച കേസ് സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് അഖില പോലീസ് സംരക്ഷണത്തില്‍ അച്ഛനമ്മമാര്‍ക്കൊപ്പം വൈക്കത്തെ സ്വന്തം വീട്ടിലാണു താമസിക്കുന്നത്. കേസ് എന്‍.ഐ.എ. അന്വേഷിക്കണമെന്ന് സുപ്രിംകോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു.

അഖിലയുടെ അനുവാദമില്ലാതെയെടുത്ത ചിത്രങ്ങളും വീഡിയോകളും മാധ്യമങ്ങള്‍ക്കു നല്‍കി തങ്ങളുടെ സ്വകാര്യതയ്ക്കു ഭംഗം വരുത്തിയെന്നാണ് അച്ഛന്റെ പരാതിയിലുള്ളത്. ചില സംഘടനകളുടെ സ്വാധീനത്തിനു വഴങ്ങിയാണ് രാഹുല്‍ ഈശ്വര്‍ ഇതു ചെയ്തതെന്നും അശോകന്‍ ആരോപിച്ചു.

ഓഗസ്റ്റ് 17നായിരുന്നു സംഭവം. വീട്ടിലെത്തിയ രാഹുല്‍ ഈശ്വര്‍ അഖിലയോട് ഒറ്റയ്ക്കു സംസാരിക്കണമെന്നാവശ്യപ്പെട്ടു. തുടര്‍ന്ന്, അഖിലയുടെയും കുടുംബാംഗങ്ങളുടെയും സംഭാഷണങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി. അതിനെ എതിര്‍ത്തപ്പോള്‍ വീഡിയോ പുറത്തുവിടില്ലെന്ന് ഉറപ്പുനല്‍കിയിരുന്നതായും അച്ഛന്‍ പറയുന്നു. രണ്ടുതവണ രാഹുല്‍ വീട്ടിലെത്തിയിരുന്നു. തന്ത്രികുടുംബത്തിലെ അംഗവും സാമൂഹികപ്രവര്‍ത്തകനും ആയതിനാലാണ് അഖിലയുമായി സംസാരിക്കുന്നതിനെ എതിര്‍ക്കാഞ്ഞത്. എന്നാല്‍, തങ്ങളെ തെറ്റിദ്ധരിപ്പിച്ച് സുരക്ഷ അപകടപ്പെടുത്തുകയാണു ചെയ്തതെന്നും പരാതിയില്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top