Home app

ഓണക്കാലത്ത് നിത്യോപയോഗസാധനങ്ങള്‍ ന്യായവിലയില്‍ ലഭ്യമാക്കാനായി സംസ്ഥാന സര്‍ക്കാരിന്റെ വിപുലമായ ഒരുക്കങ്ങള്‍

ഓണത്തിന് നിത്യോപയോഗസാധനങ്ങള്‍ ന്യായവിലയില്‍ ലഭ്യമാക്കാനായി സംസ്ഥാന സര്‍ക്കാരിന്റെ വിപുലമായ ഒരുക്കങ്ങള്‍. കണ്‍സ്യൂമര്‍ഫെഡിന്റെയും സപ്‌ളൈകോയുടെയും ഓണം ഫെയറുകളില്‍ അവശ്യസാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കിയിട്ടുണ്ട്. കണ്‍സ്യൂമര്‍ഫെഡും സപ്‌ളൈകോയും സംസ്ഥാനത്ത് 5000 ഓണച്ചന്തയാണ് ഒരുക്കുക. കണ്‍സ്യൂമര്‍ഫെഡ് 3500ഉം സപ്‌ളൈകോ 1500ഉം ഓണച്ചന്ത തുടങ്ങും. സപ്‌ളൈകോ ഓണച്ചന്തകള്‍ ഇതിനകം ആരംഭിച്ചു. കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം 24ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 25 മുതല്‍ സെപ്തംബര്‍ മൂന്നുവരെയാണ് ചന്തകള്‍ പ്രവര്‍ത്തിക്കുക. കണ്‍സ്യൂമര്‍ഫെഡ് ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളും മെഗാമാര്‍ട്ടുകളും ഓണച്ചന്തയായി പ്രവര്‍ത്തിക്കും.

ഓണക്കാലത്ത് അരിവില നിയന്ത്രിക്കാനും ആവശ്യത്തിന് ലഭ്യത ഉറപ്പുവരുത്താനും സര്‍ക്കാര്‍ നടപടിയെടുത്തിട്ടുണ്ട്. ആന്ധ്രയില്‍നിന്ന് രണ്ടു ദിവസത്തിനകം 5000 ടണ്‍ ജയ അരി എത്തുമെന്ന് സപ്‌ളൈകോ ജനറല്‍ മാനേജര്‍ കെ വേണുഗോപാല്‍ പറഞ്ഞു. 2000 ടണ്‍ അരി പിന്നാലെയെത്തും. സപ്‌ളൈകോയും കണ്‍സ്യൂമര്‍ഫെഡും 25 രൂപയ്ക്ക് അരി വിതരണം ചെയ്യും. ജയ, കുറുവ അരി 25 രൂപയ്ക്കും പച്ചരി 23നും മട്ടയരി 24നും സപ്‌ളൈകോ ഓണച്ചന്തയില്‍നിന്ന് ലഭിക്കും. സംസ്ഥാനത്തെ 941 പഞ്ചായത്തിലും സപ്‌ളൈകോ ഓണച്ചന്തയുണ്ടാകും. മാവേലി സ്റ്റോറുകള്‍ ഓണച്ചന്തയായി മാറും. ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയിലടക്കം മാവേലി സ്റ്റോറില്ലാത്ത 30 പഞ്ചായത്തുകളില്‍ താല്‍ക്കാലിക സ്റ്റാളുകള്‍ ക്രമീകരിക്കും. ഇവിടേക്ക് സബ്‌സിഡി നിരക്കിലും അല്ലാതെയും ആവശ്യാനുസരണം’ഭക്ഷ്യസാധനങ്ങള്‍ എത്തിക്കും.

സംസ്ഥാനത്തെ 25 ലക്ഷം സ്‌കൂള്‍കുട്ടികള്‍ക്ക് അഞ്ചുകിലോ അരിവീതം നല്‍കും. ജയ അരിയാണ് നല്‍കുക. അന്ത്യോദയ അന്നയോജന കാര്‍ഡുള്ള 5.95 ലക്ഷം കുടുംബങ്ങള്‍ക്ക് സൌജന്യ ഓണക്കിറ്റ് നല്‍കും. ജയ, കുറുവ അരി, മുളക്, ശബരി തേയില എന്നിവയാണ് കിറ്റിലുണ്ടാവുക. ഇതിന് 6.71 കോടി രൂപ ചെലവുവരും. സംസ്ഥാനത്തെ പട്ടികവര്‍ഗക്കാര്‍ക്ക് 15 കിലോ ജയ അരിയും എട്ടിനം പലവ്യഞ്ജനങ്ങളുമടങ്ങിയ ഓണക്കിറ്റ് സൌജന്യമായി വിതരണം ചെയ്യും. 850 രൂപ വരുന്ന ഓണക്കിറ്റ് 1.55 ലക്ഷം കുടുംബങ്ങള്‍ക്ക് ലഭിക്കും. 60 വയസ്സിനുമുകളിലുള്ള എല്ലാ പട്ടികവര്‍ഗക്കാര്‍ക്കും ഓണക്കോടിയും നല്‍കും. സംസ്ഥാനത്തെ 81 ലക്ഷം കാര്‍ഡുടമകള്‍ക്കും 22 രൂപ നിരക്കില്‍ ഓരോ കിലോ സ്‌പെഷ്യല്‍ പഞ്ചസാരയും വിതരണം ചെയ്യും.

ഓണത്തിന് വിപണിയില്‍ വിഷരഹിതപച്ചക്കറി ലഭ്യമാക്കാനായി കൃഷിവകുപ്പിന്റെ നേതൃത്വത്തിലും വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ഹോര്‍ട്ടികോര്‍പും വിഎഫ്പിസികെയും ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ നടത്തി. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി 63 ലക്ഷം കുടുംബങ്ങള്‍ക്ക് പച്ചക്കറിവിത്തുകള്‍ നല്‍കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top