നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ടു പേരില്‍ നിന്നായി 1.06 കോടി രൂപ വിലവരുന്ന മൂന്നര കിലോ അനധികൃത സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. ഞായറാഴ്ച രാത്രി നെടുമ്പാശേരിയിലെത്തിയ രണ്ടു വിമാനങ്ങളിലെ യാത്രക്കാരില്‍ നിന്നാണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് സ്വര്‍ണം കണ്ടെടുത്തത്.
റിയാദില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരില്‍ നിന്നും മൂന്നു കിലോ സ്വര്‍ണവും കൊളംബോയില്‍ നിന്ന് കൊച്ചിയിലേക്ക് വന്ന ശ്രീലങ്കന്‍ എയര്‍ലൈന്‍സിലെ യാത്രക്കാരനില്‍ നിന്നും അര കിലോ സ്വര്‍ണവുമാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആദ്യകേസില്‍ കണ്ണൂര്‍ സ്വദേശിയും രണ്ടാമത്തെ കേസില്‍ ശ്രീലങ്കന്‍ സ്വദേശിയുമാണ് പിടിയിലായത്.
മൂന്നു കിലോ സ്വര്‍ണം ഇലക്ട്രോണിക്സ് സാധനങ്ങളുടെ മറവില്‍ പ്ലേറ്റുകളായാണ് കടത്താന്‍ ശ്രമിച്ചത്. അരക്കിലോ സ്വര്‍ണം യാത്രക്കാരന്റെ ലാഗേജിലായിരുന്നു. ആദ്യ കേസില്‍ 85 ലക്ഷം രൂപയുടേയും രണ്ടാമത്തെ കേസില്‍ 21 ലക്ഷം രൂപയുടേയും സ്വര്‍ണമാണ് പിടിച്ചെടുത്തത്.