കൊച്ചിയില്‍ ആക്രമണത്തിനിരയായ യുവനടിയെ അവഹേളിച്ചു പ്രസ്താവന നടത്തിയതില്‍ തനിക്കെതിരെ കേസെടുക്കുമെന്നറിയിച്ച വനിതാ കമ്മീഷനെ പരിഹസിച്ച് പിസി ജോര്‍ജ് എംഎല്‍എ. തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മീഷനാകിലല്ലോയെന്നായിരുന്നു ജോര്‍ജിന്റെ പരിഹാസം.കമ്മീഷന് നോട്ടീസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകുമെന്നും ജോര്‍ജ് പറഞ്ഞു.
അതേസമയം വനിതാകമ്മീഷനെന്നു കേട്ടാല്‍ ഭയങ്കര പേടിയാണെന്നും അല്‍പ്പം ഉള്ളി കിട്ടിയാല്‍ കരയാമായിരുന്നെന്നും പരിഹാസരൂപേണ പിസി ജോര്‍ജ് പറഞ്ഞതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അവരാദ്യം വനിതകളുടെ കാര്യമാണ് നോക്കേണ്ടതെന്നും നല്ല കാര്യങ്ങളൊക്കെ ചെയ്തിട്ട് വന്നാല്‍ താനും ഒപ്പം കൂടുമെന്നും പി സി പറഞ്ഞു.
വിവിധ ഇടങ്ങളില്‍വെച്ച് ഇരയായ നടിക്കെതിരെ അപീകീര്ത്തി പരമായ സംഭാഷണവും, പരാമര്‍ശവും നടത്തിയതിനാണ് വനിത കമ്മീഷന് സ്വമേധയ കേസ് എടുക്കുന്നത്. വനിതാക്കമ്മീഷന് അധ്യക്ഷ എം.സി.ജോസഫൈനാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. പി.സി ജോര്‍ജ്ജിന്റെ മൊഴി എടുക്കാന്‍ സ്പീക്കറോട് അനുമതി തേടാനും കമ്മീഷന് തീരുമാനിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെയാകെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും കമ്മീഷന് വ്യക്തമാക്കി.