Home app

കേരളത്തിനെതിരെയുള്ള കുപ്രചരണം മലയാളികള്‍ രാഷ്ട്രീയഭേദമന്യേ ഒറ്റക്കെട്ടായി നേരിടും ; ഉമ്മന്‍ചാണ്ടി

കേരളത്തിനെതിരെ ദേശീയ തലത്തില്‍ നടക്കുന്ന പ്രചാരണത്തിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിനെതിരെയുള്ള കുപ്രചരണം മലയാളികള്‍ രാഷ്ട്രീയഭേദമന്യേ ഒറ്റകെട്ടായി നേരിടും. ദൈവത്തിന്റെ സ്വന്തം നാട് എന്നത് വെറുമൊരു പരസ്യവാചകമല്ല. കഴിഞ്ഞ രണ്ട് മൂന്ന് പതിറ്റാണ്ടുകളായി എല്ലാ ദേശീയ സര്‍വേകളിലും കേരളം മുന്‍നിരയില്‍ തന്നെയാണെന്നും ഉമ്മന്‍ചാണ്ടി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചെയ്തതുപോലെ വര്‍ഗീയ ധ്രുവീകരണം അക്രമ രാഷ്ട്രീയവും തൊടുത്തുവിട്ട് കേരളത്തിലെ ജനങ്ങളെ വഴിതെറ്റിക്കാന്‍ ബിജെപി ആദ്യം നോക്കി. അതിനു കഴിയാതെ വന്നപ്പോഴാണ് അവര്‍ കേരളത്തിനെതിരെയുള്ള കുപ്രചരണം അഴിച്ചുവിട്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഒരു വര്‍ഷം മുന്‍പുവരെ ദേശീയ മാധ്യമങ്ങള്‍ കേരളത്തിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിച്ചിന്നെങ്കില്‍, ഇപ്പോള്‍ നമ്മുടെ ഖജനാവില്‍ നിന്ന് പണമിറക്കി ദേശീയ തലത്തില്‍ പി ആര്‍ ചെയ്യേണ്ട അവസ്ഥയില്‍ എത്തിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;

ദൈവത്തിന്റെ സ്വന്തം നാട് എന്നത് വെറുമൊരു പരസ്യവാചകമല്ല. ഓരോ മലയാളികളുടെയും ആത്മാഭിമാനത്തിന്റെ അടയാളമാണത്. ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും കേരളം ഏറെ നാളായി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. കഴിഞ്ഞ രണ്ട് മൂന്ന് പതിറ്റാണ്ടുകളായി എല്ലാ ദേശീയ സര്‍വേകളിലും കേരളം മുന്‍നിരയില്‍ തന്നെയാണ്. ഭൂരിഭാഗ മേഖലകളിലും ഒന്നാം സ്ഥാനത്തും. പ്രശസ്ത നോബല്‍ സമ്മാന ജേതാവ് ശ്രീ അമര്‍ത്യാസെന്‍ കേരളാ മോഡല്‍ വികസനത്തെ പ്രകീര്‍ത്തിച്ചത് അന്ന് ദേശീയ മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നു. ഭൂമിശാസ്ത്രപരമായും, മാനവശേഷി വികസനപരമായും ഈ കൊച്ചു കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണെന്നുള്ളതു നമുക്കെലാം അഭിമാനകരമാണ്. എന്നാല്‍ ഇന്ന് കേരളത്തെ താഴ്ത്തിക്കെട്ടാന്‍ കേന്ദ്ര സംസ്ഥാന ഭരണകക്ഷികള്‍ തമ്മില്‍ മത്സരിക്കുന്നത് കാണുന്‌പോള്‍ നമുക്കെലാം ദുഃഖമാണ് തോന്നുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ഇവിടെയെത്തിയ പ്രധാനമന്ത്രി അന്ന് കേരളത്തെ സൊമാലിയയെന്നാണ് വിളിച്ചത്. ഇപ്പോള്‍ ദൈവത്താല്‍ ഉപേക്ഷിക്കപ്പെട്ട നാടാണ് കേരളമെന്നു വിശേഷിപ്പിക്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചെയ്തതുപോലെ വര്‍ഗീയ ധ്രുവീകരണം അക്രമ രാഷ്ട്രീയവും തൊടുത്തുവിട്ട് കേരളത്തിലെ ജനങ്ങളെ വഴിതെറ്റിക്കാന്‍ അവര്‍ ആദ്യം നോക്കി. അതിനു കഴിയാതെ വന്നപ്പോഴാണ് അവര്‍ കേരളത്തിനെതിരെയുള്ള കുപ്രചരണനം അഴിച്ചുവിട്ടത്. ഇതിനെ മലയാളികള്‍ രാഷ്ട്രീയഭേതമന്യേ ഒറ്റകെട്ടായി നേരിടും.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കേരളാ സന്ദര്‍ശനത്തിന് ശേഷം ബിജെപി കേരളത്തില്‍ നുഴഞ്ഞുകയറ്റത്തിനു അവസരം കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് മാര്‍ക്‌സിസ്‌റ് പാര്‍ട്ടി അവരെ അങ്ങോട്ടുപോയി ക്ഷണിച്ചുവരുത്തി ധാരാളം അവസരങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുന്നത്. പല അടവുകളും പയറ്റി തകര്‍ന്ന് ബിജെപിക്ക്, വലിഞ്ഞു കയറി ചെന്ന് അവസരം ഉണ്ടാക്കി കൊടുക്കാനേ അടുത്തിടെ നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളും അതിനോടനുബന്ധിച്ചു ഉണ്ടായ കൊലപാതകങ്ങളും ഉപകരിച്ചുള്ളു. കേരളത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ട്ടിച്ചു ദേശീയ തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ തക്കം പാര്‍ത്തിരുന്ന ബിജെപിയ്ക്ക് സിപിഎം ചുവന്ന പരവതാനി വിരിച്ചുകൊടുത്തു. ഒരു വര്‍ഷം മുന്‍പുവരെ ദേശീയ മാധ്യമങ്ങള്‍ കേരളത്തിന്റെ നേട്ടങ്ങള്‍ പ്രചരിപ്പിച്ചിന്നെങ്കില്‍, ഇപ്പോള്‍ നമ്മുടെ ഖജനാവില്‍ നിന്ന് പണമിറക്കി ദേശീയ തലത്തില്‍ പി ആര്‍ ചെയ്യേണ്ട അവസ്ഥയില്‍ എത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top