ഹാദിയ കേസിലെ വിവരങ്ങള്‍ എന്‍ഐഎയ്ക്ക് കൈമാറാന്‍ കേരളാപൊലീസിന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ഹര്‍ജിക്കാരനായ ഷെഫിന് ജഹാന് എന്‍ഐഎയെ സംശയിക്കുന്നത് എന്തിനെന്ന് കോടതി വിമര്‍ശിച്ചു. ഹര്ജിക്കാരന് നീതിയുക്തമായ അന്വേഷണം ആഗ്രഹിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.
മതം മാറിയ പെണ്‍കുട്ടി ഹാദിയയുടെ കേസ് എന്‍ഐഎ അല്ലെങ്കില്‍ സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചിരുന്നു. കേരളാ പൊലീസിന്റെ കൈവശമാണ് കേസിന്റെ വിശദാംശങ്ങളുള്ളതെന്നും കേന്ദ്രം അറിയിച്ചിരുന്നു.
ഹാദിയ വിവാഹം ചെയ്ത ഷെഫിന് ജഹാന് ഭീകരസംഘടനകളുമായുള്ള ബന്ധം തെളിയിക്കുന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ ഹാദിയയുടെ പിതാവ് അശോകനോട് കോടതി നിര്‍ദേശിച്ചു. രേഖകള്‍ ഒരാഴ്ച്ചയ്ക്കകം ഹാജരാക്കണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശം. കേസുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുള്‍പ്പെടെയുള്ള എല്ലാ കക്ഷികളോടും ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.
ഹാദിയ, ഷെഫിന് ദമ്പതികളുടെ വിവാഹം അസാധുവാക്കി കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിവാഹത്തിന് യുവതിയുടെ കൂടെ രക്ഷാകര്‍ത്താവായി പോയ സ്ത്രീക്കും ഭര്‍ത്താവിനും വിവാഹം നടത്തികൊടുക്കാനുള്ള അധികാരമില്ല, യുവതിയെ കാണാനില്ലെന്ന് ഹേബിയസ് കോര്‍പ്പസ് കേസ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് വിവാഹം നടന്നത് എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിവാഹം അസാധുവാക്കിയത്.