Home app

മദനിയുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തില്‍

ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചെങ്കിലും നാട്ടിലേക്കുള്ള പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മദനിയുടെ യാത്ര അനിശ്ചിതത്വത്തില്‍. സുരക്ഷയൊരുക്കുന്നതിനായി 14.80 ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന കര്‍ണാടക പോലീസിന്റെ നിലപാടാണ് യാത്രയ്ക്ക് തിരിച്ചടിയായത്. മദനിയുടെ സുരക്ഷയ്ക്കായുള്ള ഉദ്യോഗസ്ഥരുടെ യാത്രച്ചെലവ്, താമസം, ഭക്ഷണം എന്നിവയ്ക്കായി 14,79,875 രൂപ കെട്ടിവെയ്ക്കാനാണ് ആവശ്യപ്പെട്ടത്. ഇതില്‍ 18 ശതമാനം ജി.എസ്.ടി.തുകയായ 2,25,743 രൂപ ഉള്‍പ്പെടും. എ.സി.പി. അടക്കം 19 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് 13 ദിവസത്തേക്കുള്ള ചെലവാണ് കണക്കാക്കിയത്. രണ്ട് എ.സി.പി.മാര്‍ക്ക് ഒരു ദിവസത്തേക്കുള്ള ചെലവ് 8472 രൂപയാണ്. കോണ്‍സ്റ്റബിളിനും ഡ്രൈവര്‍ക്കും ദിവസച്ചെലവായി കണക്കാക്കിയത് 4044 രൂപയാണ്.

മദനിയുടെ അഭിഭാഷകന്‍ ടി. ഉസ്മാന്‍ സിറ്റി പോലീസ് കമ്മിഷണര്‍ ടി. സുനില്‍കുമാറുമായി ചര്‍ച്ച നടത്തിയെങ്കിലും നിലപാടില്‍ മാറ്റംവരുത്താന്‍ തയ്യാറായില്ല. മദനിയുടെ നാട്ടിലേക്കുള്ള യാത്രയില്‍ കുറഞ്ഞ നിരക്കില്‍ സുരക്ഷയൊരുക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ച കാര്യം പോലീസിനെ ഓര്‍മപ്പെടുത്തിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല. പണം സര്‍ക്കാരിലേക്ക് കെട്ടിവെച്ചാല്‍ നാട്ടിലേക്ക് പോകുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് പോലീസ് അറിയിച്ചു. എന്നാല്‍, ഭീമമായ തുക കെട്ടിവെച്ച് നാട്ടില്‍ പോകാന്‍ കഴിയില്ലെന്ന നിലപാടിലാണ് മദനിയുടെ കുടുംബാംഗങ്ങള്‍.

പ്രശ്നം കേരളസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ പി.ഡി.പി. നീക്കം തുടങ്ങിയിട്ടുണ്ട്. രോഗബാധിതയായ മാതാവിനെ കാണാനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും ജാമ്യത്തില്‍ ഇളവു ലഭിച്ച മദനിക്ക് ഇത്രയും തുക അടയ്ക്കാന്‍ കഴിയില്ലെന്ന് അഭിഭാഷകന്‍ ടി. ഉസ്മാന്‍ അറിയിച്ചു. കര്‍ണാടക പോലീസിന്റെ നിലപാടിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

മാതാവിനെ കാണുന്നതിനായി ഓഗസ്റ്റ് ഒന്നു മുതല്‍ ഏഴുവരെ നാട്ടില്‍ പോവാന്‍ മദനിക്ക് ബെംഗളൂരുവിലെ വിചാരണക്കോടതി അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സുപ്രീംകോടതി ഏഴുമുതല്‍ 14വരെയും അനുമതി നല്‍കി. കേരളത്തിലേക്കുള്ള യാത്ര, സുരക്ഷാ ചെലവുകള്‍ എന്നിവ മഅദനി വഹിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കര്‍ണാടക പോലീസിന്റെ നിലപാട്. ജാമ്യത്തില്‍ ഇളവു തേടി വിചാരണക്കോടതിയെ സമീപിച്ചപ്പോള്‍ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേരളത്തിലേക്കുള്ള യാത്ര സംബന്ധിച്ച വിശദാംശങ്ങള്‍ വിചാരണക്കോടതിയിലും ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണര്‍ക്കും ചെവ്വാഴ്ച രാവിലെ സമര്‍പ്പിച്ചിരുന്നു. അനുമതി ലഭിച്ചാല്‍ ബുധനാഴ്ച നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു മഅദനി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top